Kollam

ക്രിസ്മസ്, പുതുവത്സരം: ലഹരി സംഘങ്ങള്‍ സജീവമാകുന്നു

Published by

കൊട്ടാരക്കര: ക്രിസ്മസ്, പുതുവത്സര കച്ചവടം ലക്ഷ്യമാക്കി ലഹരി മയക്കു മരുന്ന് മാഫിയ സംഘങ്ങള്‍ സജീവമാകുന്നു. ഇന്നലെമാത്രം മൂന്ന് കേസുകളിലായി മൂന്ന് പേരെയാണ് കൊട്ടാരക്കര റേഞ്ച് എക്‌സൈസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്നും 8.188 ഗ്രാം മെത്താംഫെറ്റാമൈനും, 13 ഗ്രാം കഞ്ചാവും, വില്‍പ്പനയ്‌ക്കായി ഉപയോഗിച്ച ബൈക്കും പിടികൂടി.

പുതുവത്സരം ലക്ഷ്യമിട്ട്‌ലഹരി കച്ചവടം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊട്ടാരക്കര റേഞ്ച് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്.
നിരവധി ലഹരി മയക്കുമരുന്ന് വില്പന കേസുകളില്‍ പ്രതിയായ എഴുകോണ്‍ കാക്കകോട്ടൂര്‍ സ്വദേശി രാഹുല്‍ രാജ് (കെ.പി. രാഹുല്‍-28), തൃക്കണ്ണമംഗല്‍ മായിലാടുംപാറ ജെറിന്‍ ഭവനില്‍ റെജിന്‍ ജോസഫ് (23), ഗാന്ധിമുക്ക് കുന്നുംപുറത്ത് വീട്ടില്‍ വൈശാഖ് (25) എന്നിവരാണ് വിവിധ കേസുകളിലായി പിടിയിലായത്.

തൃക്കണ്ണമംഗല്‍ തട്ടത്ത് പള്ളിയുടെ ഭാഗത്തു വച്ചാണ് ബൈക്കില്‍ വില്‍പ്പനയ്‌ക്കായി കൊണ്ടുപോയ 4.069 ഗ്രാം മെത്താംഫെറ്റാമൈനും കഞ്ചാവുമായി രാഹുല്‍ രാജ് പിടിയിലായത്.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ ജെറിന്‍ ജോസഫില്‍ നിന്നും 4.182 ഗ്രാം മെത്താംഫെറ്റാമൈന്‍ പിടികൂടുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വൈശാഖിനെ 8 ഗ്രാം കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ജാമ്യത്തില്‍ പോയി. വരും ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കുമെന്ന് കൊട്ടാരക്കര റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബാബു പ്രസാദ്.കെ. ബി. പറഞ്ഞു. പരിശോധനകളില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇന്റലിജിന്‍സ് ബ്യൂറോ ഗിരീഷ്.എം. ജെ., അസിസ്റ്റന്റ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബാബു പ്രസാദ്.കെ. ബി., അസിസ്റ്റന്റ് റേഞ്ച് ഓഫീസര്‍ അരുണ്‍, സിവിന്‍ സജി ചെറിയാന്‍, അരുണ്‍ സാബു, വനിതാ ഓഫീസര്‍ സൗമ്യ, മുബീന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക