ബ്രിസ്ബേന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കല്‍ ഭാരതത്തിന് കടുപ്പമാകും. നിലവില്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് രോഹിത് ശര്‍മയ്ക്ക് കീഴിലുള്ള ഭാരത ടീം. പരമ്പരയില്‍ ഇനി മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത് അതില്‍ രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയിലാക്കുകയും ചെയ്താലേ ഫൈനലില്‍ പ്രവേശിക്കാനാകൂ.
ഇനിയുള്ള മത്സരങ്ങളില്‍ ഈ രീതിയില്‍ മത്സരങ്ങള്‍ അവസാനിപ്പിച്ചെങ്കില്‍ ഭാരതത്തിന് രണ്ടാം സ്ഥാനക്കാരായെങ്കിലും തുടര്‍ച്ചയായി മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം. ഇതിന് മുമ്പ് രണ്ട് തവണയും ഭാരതം റണ്ണറപ്പുകളായിരുന്നു. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ആതിഥേയരായ ഓസ്ട്രേലിയയെ 3-2ന് തോല്‍പ്പിച്ചാലും അഥവാ തിരിച്ച് 2-3ന് പരമ്പര നഷ്ടപ്പെടുത്തിയാലും ഭാരതത്തിന് സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ അടുത്തു തന്നെ ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്ന രണ്ട് മത്സര പരമ്പരയുടെ ഫലത്തെ ആശ്രയിക്കേണ്ടിവരും.
ശ്രീലങ്കയെ 2-0ന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയാണ് ഇപ്പോള്‍ ലോക ടെസ്റ്റ് റാങ്ക് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. 63.33 ശതമാനം പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 60.71 ശതമാനവും. ദക്ഷിണാഫ്രിക്കയുടെ കുതിപ്പോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഭാരതത്തിന് ഇപ്പോള്‍ 57.29 ശതമാനം പോയിന്റാണുള്ളത്.
അഡ്ലെയ്ഡ് ടെസ്റ്റില്‍ ഭാരതത്തിനെതിരെ പത്ത് വിക്കറ്റ് വിജയം നേടിയതാണ് ഓസ്ട്രേലിയയെ രണ്ടാം സ്ഥാനക്കാരാക്കിയത്. ഓസ്ട്രേലിയക്ക് ഭാരതത്തിനെതിരായ ഇപ്പോഴത്തെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി കഴിഞ്ഞാല്‍ ശ്രീലങ്കയുമായി രണ്ട് മത്സര പരമ്പരയുണ്ട്. ഭാരതത്തിനെതിരായ പരമ്പര 3-2ന് ജയിച്ചാല്‍ ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റിലും തോറ്റാലും കുഴപ്പമില്ല. മറിച്ച് ഭാരതത്തിനോട് 2-3ന് തോറ്റാല്‍ ശ്രീലങ്കയ്ക്കെതിരെ ജയം അനിവാര്യമായി വരും. അതിന് സാധിച്ചില്ലെങ്കില്‍ പിന്നെയുള്ള സാധ്യത പാകിസ്ഥാന്-ദക്ഷിണാഫ്രിക്ക പരമ്പര ഫലത്തെ ആശ്രയിച്ചായിരിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയേറ്റാല്‍ ഓസീസിന് സാധ്യത തെളിയും.
ദക്ഷിണാഫ്രിക്കയുടെ ഹോം ഗ്രൗണ്ടിലാണ് പാകിസ്ഥാനെതിരായ പരമ്പര. അതില്‍ തോറ്റാല്‍ മാത്രമേ അവര്‍ക്ക് മറ്റ് മത്സരങ്ങളെ ആശ്രയിക്കേണ്ടിവരികയുള്ളൂ. പ്രധാനമായും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ഫലത്തെയായിരിക്കും ആശ്രയിക്കേണ്ടിവരിക.
ശ്രീലങ്ക, പാകിസ്ഥാന് ടീമുകള്‍ക്ക് വിദൂര സാധ്യത മാത്രമാണുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഫൈനലിലെത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഭാരതത്തിന്റെ അടുത്ത ടെസ്റ്റ് ശനിയാഴ്ച ഗബ്ബയിലാണ്. പരമ്പരയിലെ മൂന്നാം മത്സരമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: