India

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പേരില്‍ ബംഗ്ലാദേശ് മോഡല്‍ കലാപത്തിന് നീക്കമോ? സമൂഹമാധ്യമങ്ങളില്‍ കള്ളക്കഥകള്‍ പ്രചരിക്കുന്നു

ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 288ല്‍ 235 സീറ്റുകളും തൂത്തുവാരിയത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിട്ടാണെന്ന ആരോപണം കൊഴുപ്പിച്ച് കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും എന്‍ജിഒകളും.

Published by

മുംബൈ: ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 288ല്‍ 235 സീറ്റുകളും തൂത്തുവാരിയത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിട്ടാണെന്ന ആരോപണം കൊഴുപ്പിച്ച് കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും എന്‍ജിഒകളും. തെരഞ്ഞെടുപ്പ് ഫലവും വന്നു, ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. എന്നിട്ടും സമൂഹമാധ്യമങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന പ്രചാരണം കൂടുതല്‍ ശക്തമാവുകയാണ്. അതിനര്‍ത്ഥം ബംഗ്ലാദേശ് പോലെ ഒരു കലാപം മഹാരാഷ്‌ട്രയില്‍ അഴിച്ചുവിടാന്‍ ഗൂഢപദ്ധതിയുണ്ടെന്ന അന്വേഷണാത്മ മാധ്യമപ്രവര്‍ത്തകന്‍ ആശിശ് ചിത്രാന്‍ഷി നല്‍കിയ മുന്നറിയിപ്പ് ശരിയാണെന്നാണോ? ഇത് ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും ഇന്ത്യയില്‍ നടപ്പാക്കാന്‍ എന്‍ജിഒ സംഘടനകള്‍ക്ക് നല്‍കിയ ടുള്‍കിറ്റാണോ?

മഹാരാഷ്‌ട്രയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരായ കലാപത്തിന് സമാനമായ സമരത്തിന്റെയും പ്രചാരണത്തിന്റെയും മുന്‍പന്തിയില്‍ എന്‍ജിഒ സംഘടനകള്‍ ഉണ്ട് എന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഈ എന്‍ജിഒകള്‍ക്ക് പിന്നില്‍ ചില ന്യൂനപക്ഷ സംഘടനകളും ഉണ്ട്. ഇതാണ് കലാപത്തിനുള്ള ഗുഢാലോചന നടക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം തീപ്പന്തവുമായി കുറെയധികം പേര്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം കത്തിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ശവമടക്ക് എന്ന പേരിലാണ് ഇതേക്കുറിച്ച് ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ മഹാരാഷ്‌ട്രയില്‍ നിന്നുള്ള 180 എന്‍ജിഒ സംഘടനകള്‍ പിന്നില്‍ പ്രവര്‍ത്തിച്ചതായി പറയുന്നു. സാമൂഹ്യസേവനം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നീ ഓമനപ്പേരില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകളുടെ യഥാര്‍ത്ഥ ലക്ഷ്യം രാഷ്‌ട്രീയഗൂഢലക്ഷ്യങ്ങളാണെന്ന് വേണം കരുതാന്‍. ഈ സംഘടനകള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ഈയിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിരുന്നു.

ഈയിടെ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ആശിശ് ചിത്രാന്‍ഷി പറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നു എന്ന് പറഞ്ഞ് ഇന്ത്യയില്‍ കലാപം നടത്താന്‍ ശ്രമം നടക്കുന്നു എന്നാണ്. കഴിഞ്ഞ ദിവസം ക്വിന്‍റ് എന്ന മാധ്യമം പുറത്തുവിട്ട കള്ളക്കഥയാണ് രസകരം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം നിര്‍മ്മിക്കുന്ന ഇസിഐഎല്‍ എന്ന കമ്പനിയില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവര്‍ പറഞ്ഞ ഒരു അഭിപ്രായം ചൂണ്ടിക്കാട്ടി ഭീതിയും വിദ്വേഷവും പരത്താനാണ് ക്വിന്‍റ് ശ്രമിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ സിംബല്‍ ലോഡിംഗ് യൂണിറ്റ് (തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യന്ത്രഭാഗം) ഉപയോഗിച്ച് ചെയ്യുന്ന വോട്ടുകളില്‍ കൃത്രിമം കാട്ടാന്‍ കഴിയും എന്ന് ആ ജീവനക്കാര്‍ പറഞ്ഞു എന്നത് വലിയ ഗൗരവത്തോടെയാണ് ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആലോചിച്ചുനോക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ മഹാരാഷ്‌ട്രയിലെ 288 നിയോജകമണ്ഡലത്തിലെ അഞ്ച് വിതം വിവിപാറ്റ് യന്ത്രത്തിലെ സ്ലിപ്പുകള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. 1440 വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി താരതമ്യം ചെയ്തപ്പോള്‍ യാതൊരു പൊരുത്തക്കേടുകളും ഇല്ലെന്നാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മഹാവികാസ് അഘാദിയുടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാതികള്‍ തള്ളുകയും ചെയ്തു. എന്നിട്ടും കോണ്‍ഗ്രസ് അടങ്ങുന്ന ലക്ഷ്ണമില്ല.

മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ബാബ ആധവുമായുള്ള വാര്‍ത്താസമ്മേളനവും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വേണ്ട പഴയതുപോലെ ബാലറ്റ് പേപ്പര്‍ മതി എന്ന് വീഡിയോയില്‍ ബാബ ആധവ് പറയുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകളെ അവിശ്വസിച്ച് ഇന്ത്യയെ പ്രാചീനഅന്ധകാരത്തിലേക്ക് തള്ളിവിടാനാണ് അധികാരക്കൊതി മൂത്ത കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നര്‍ത്ഥം.

രവീഷ് കുമാര്‍ എന്ന പഴയകാലത്തെ ഇടത് പക്ഷ സ്വഭാവത്തോടുകൂടി പ്രണോയ് റോയിയുടെ എന്‍ഡിടിവിയില്‍ മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ 53 കോടിയോളം രൂപ ഹാക്കര്‍മാര്‍ക്ക് നല്‍കിയെന്നാണ് ഒരു വനിതാ ജേണലിസ്റ്റ് ഈ വീഡിയോയില്‍ ആരോപിക്കുന്നത്.യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഉയര്‍ത്തുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പേരിലുള്ള ഈ കലാപം മഹാരാഷ്‌ട്രയിലാണ് ആരംഭിക്കുകയെങ്കിലും ക്രമേണ ഇന്ത്യ മുഴുവന്‍ പരത്തി ഒരു രാഷ്‌ട്രീയ സുനാമി സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ആശിശ് ചിത്രാന്‍ഷി നല്‍കുന്ന മുന്നറിയിപ്പ്. മഹാവികാസ് അഘാഡിയിലെ എംഎല്‍എമാരെക്കൊണ്ട് കൂട്ടരാജിവെപ്പിക്കാനും നീക്കമുള്ളതായി പറയുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് ഉദ്ധവ് താക്കറെ ശിവസേന പക്ഷമെന്ന് പ്രിയങ്ക ചതുര്‍വേദി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം നിരോധിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള കലാപത്തിനാണ് കോണ്‍ഗ്രസ് സാധ്യത തേടുന്നതെന്നാണ് അശിശ് ചിത്രന്‍ഷി ആരോപിക്കുന്നത്. അതേ സമയം വയനാട്ടില്‍ പ്രിയങ്ക ഗാന്ധഇയുടെ വിജയവും ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം മുന്നണിയുടെ വിജയവും ഇതേ വോട്ടിംഗ് യന്ത്രം സൃഷ്ടിച്ചതാണെന്ന കാര്യം മറന്നോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തരമില്ല. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ നടത്തുന്ന സമരത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രിയങ്ക ഗാന്ധിയും ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരും രാജിവെയ്‌ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വേണുഗോപാല്‍ മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലം അമ്പരപ്പുളവാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്തെ അനുഭവങ്ങള്‍ക്ക് നേര്‍വിപരീതമാണെന്നും ആരോപിച്ചിരുന്നു. മഹാരാഷ്‌ട്രയില്‍ നരേന്ദ്രമോദി പ്രസംഗിച്ച പലയിടങ്ങളിലും കസേരകള്‍ കാലിയായിരുന്നുവെന്നും വേണുഗോപാല്‍ കള്ളം പറഞ്ഞിരുന്നു. മോദിയുടെ യോഗങ്ങളില്‍ പതിനായിരങ്ങള്‍ തിക്കിത്തിരക്കിയിരുന്നപ്പോഴാണ് വേണുഗോപാലിന്റെ ഈ തള്ള്. അതേ സമയം എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞത് മഹായുതിയുടെ വിജയത്തിന് പിന്നില്‍ സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം പെന്‍ഷന്‍ നല്‍കാനുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ തീരുമാനവും യോഗി ആദിത്യനാഥിന്റെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ തുണ്ടം തുണ്ടമായി ചിതറുമെന്ന മുദ്രാവാക്യവും (ബട്ടേെംഗെ തോ കട്ടേംഗെ) ആണെന്നാണ് വിശദീകരിച്ചത്.

ഏറ്റവും രസകരമായത് ഏക് നാഥ് ഷിന്‍ഡേ നല്‍കിയ ഉരുളയ്‌ക്ക് ഉപ്പേരി പോലുള്ള മറുപടിയാണ്. “2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിക്ക് 43.71 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ അവര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ശരിയായിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 43.5 ശതമാനം വോട്ടുകള്‍ മഹായുതിക്ക് ലഭിച്ചപ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നതെങ്ങിനെ?”. അപ്പോള്‍ കാര്യം വ്യക്തമാണ് കോണ്‍ഗ്രസ് ജയിച്ചാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കും. അതല്ലെങ്കില്‍ അവയെല്ലാം ഹാക്ക് ചെയ്യപ്പെട്ടിരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക