പൂനെ : ഇന്ത്യയിൽ അനധികൃതമായി താമസിച്ചതുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം അറസ്റ്റിലായ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ പൗരൻ പൂനെയിൽ ഭൂമി വാങ്ങി വീട് നിർമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ജൂലൈയിൽ പിംപ്രി-ചിഞ്ച്‌വാഡ് പോലീസ് രണ്ട് റോഹിങ്ക്യൻ ദമ്പതികളെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഒരാളായ മുസമ്മിൽ ഖാൻ (45) ദേഹു റോഡ് പ്രദേശത്തെ ഒരു ചെറിയ സ്ഥലം 80,000 രൂപയ്‌ക്ക് വാങ്ങി തന്റെ സുപാരി കച്ചവടത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് വീട് നിർമ്മിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാളും ഭാര്യയും ഇന്ത്യൻ പാസ്‌പോർട്ടിന് പുറമെ ആധാറും പാൻ കാർഡും നേടിയിരുന്നു. 2013 മുതൽ ഇവർ ഈ പ്രദേശത്ത് താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. 2012ൽ താൻ കുടുംബത്തോടൊപ്പം മ്യാൻമറിൽ നിന്ന് പലായനം ചെയ്‌തെന്നും ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ അഭയം തേടിയ ശേഷം അനധികൃതമായി അതിർത്തി കടന്ന് പശ്ചിമ ബംഗാളിലേക്ക് കടന്നതായും ഖാൻ പോലീസിനോട് പറഞ്ഞു.
പൂനെയിലെത്തിയ ശേഷം ഒരു കമ്പനിയിൽ ജോലി ചെയ്ത ഇയാൾ പിന്നീട് സുപാരി കച്ചവടത്തിൽ ഏർപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നിന്നാണ് ദമ്പതികൾ ആധാറും പാൻ കാർഡും സ്വന്തമാക്കിയത്. കാംബ്ലെ എന്ന സ്ത്രീയിൽ നിന്ന് നിയമപരമായ രേഖകളില്ലാതെയാണ് ഭൂമി വാങ്ങിയതെന്നും ഔദ്യോഗിക ഭൂമി രേഖകളിൽ ഇടപാടിന്റെ രേഖകളില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഖാൻ തനിക്കും ഭാര്യക്കും രണ്ട് കുട്ടികൾക്കുമായി ഇന്ത്യൻ പാസ്‌പോർട്ടുകളും നേടിയിരുന്നു. ഇവർ മക്ക സന്ദർശിക്കാൻ ഒരുങ്ങുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മ്യാൻമറിൽ മൗലാനയായോ മതപണ്ഡിതനായോ പരിശീലനം നേടിയെങ്കിലും പൂനെയിൽ താമസിക്കുമ്പോൾ ആ പരിശീലനം ഉപയോഗപ്പെടുത്താൻ ഇയാൾ തയ്യാറായില്ല. നിയമവിരുദ്ധമായി ഇന്ത്യയിൽ കടന്നതായി സംശയിക്കുന്ന റോഹിങ്ക്യൻ വംശജനായ ഷാഹിദ് ഷെയ്ഖ് എന്ന ഇസ്മയിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ഖാൻ ദമ്പതികളുടെ അറസ്റ്റ്.
പാസ്‌പോർട്ട് നിയമപ്രകാരവും ഫോറിനേഴ്‌സ് ആക്‌ട് പ്രകാരവുമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്, പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. ഇവരുടെ പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: