ബെർലിൻ: ജർമ്മനിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്നുപേർ പിടിയിൽ. ഇതിൽ ഒരാൾക്ക് പതിനഞ്ച് വയസ് മാത്രമാണ് പ്രായം. ഇരുപതും ഇരുപത്തിരണ്ടും വയസുള്ളവരാണ് പിടിയിലായ മറ്റു രണ്ടുപേർ. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നു പേരെയും ആയുധങ്ങളുമായി ജർമ്മൻ പൊലീസ് പിടികൂടിയത്. റൈഫിളും കത്തികളും ഇവരിൽ നിന്നും പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്.
ജർമൻ-ലെബനീസ് സഹോദരങ്ങളായ 15കാരനെയും 20കാരനെയും മാൻഹൈമിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഹെസ്സൻ സംസ്ഥാനത്തെ ഹോക്ടാനസിൽ നിന്നാണ് ജർമൻ-ടർക്കിഷ് വംശജനായ 22-കാരനെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. മാൻഹൈമിലോ ഫ്രാങ്ക്ഫർട്ടിലോ പ്രവർത്തിക്കുന്ന ക്രിസ്മസ് മാർക്കറ്റുകളിൽ ഭീകരാക്രമണം നടത്തുകയായിരുന്നു മൂവരുടെയും ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ നിലവിൽ വിചാരണത്തടവിലാണ്.
ഭീകരാക്രമണ പദ്ധതി തകർത്ത് പ്രതികളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ ഹെസ്സെൻ ആഭ്യന്തര മന്ത്രി റോമൻ പോസെക്ക് പ്രശംസിച്ചു. 2023 ഒക്ടോബർ 7ന് ഇസ്രായേലിനെതിരെ ഹമാസ് ഭീകരാക്രമണം നടത്തിയത് മുതൽ അതീവ ജാഗ്രതയിലാണ് ജർമനി. സമീപ വർഷങ്ങളിൽ ചെറുതും വലുതുമായ നിരവധി ഭീകരാക്രമണങ്ങൾ ജർമനിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും കത്തിക്കുത്തുകളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: