ന്യൂദൽഹി : ദൽഹി സർക്കാരിനെ അഴിമതിയുടെ സർക്കാർ എന്ന് വിളിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച അദ്ദേഹം ആം ആദ്മി പാർട്ടി തലവന്റെ ആഡംബരപൂർണ്ണമായ വസതിയുടെ വീഡിയോയും പങ്കുവച്ചു.
ശീഷ് മഹൽ മുഖ്യമന്ത്രിയുടെ വസതിയല്ല മറിച്ച് അഴിമതിയുടെ മ്യൂസിയമാണെന്ന് ബിജെപി നേതാവ് പറഞ്ഞു. ദൽഹിയിലെ ജനങ്ങളിൽ നിന്ന് കെജ്രിവാൾ മറയ്‌ക്കാൻ ആഗ്രഹിച്ചത് തന്റെ ശീഷ് മഹൽ ആണ്. അതിന്റെ ആദ്യ വീഡിയോ തങ്ങൾ ഇതിനോടകം കാണിച്ചിട്ടുണ്ട്. ആ വീട്ടിലെ കുളിമുറിയും ജിമ്മും നോക്കൂ. ഗ്രാനൈറ്റുകളും ഉപകരണങ്ങളും അടക്കം 7-സ്റ്റാർ റിസോർട്ടിലേത് പോലെ എല്ലാ സംവിധാനങ്ങളും ഈ വസതിയിൽ ഉണ്ട്. ഇതാണ് സാധാരണക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അരവിന്ദ് കെജ്രിവാൾ പൂഴ്‌ത്തിവെച്ച കള്ളപ്പണത്തിന്റെ യാഥാർത്ഥ്യമെന്ന് അദ്ദേഹം തുറന്നടിച്ചു.
ഇതിനു പുറമെ ഇത് മുഖ്യമന്ത്രിയുടെ വസതിയല്ല, അഴിമതിയുടെ മ്യൂസിയമാണ്. ഈ കൊട്ടാരത്തിന്റെ വാതിലുകൾ തുറന്ന് ദൽഹിയിലെ ജനങ്ങളെ താൻ എങ്ങനെ വിഡ്ഢികളാക്കിയെന്ന് പറയാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ഇത് അഴിമതികളുടെ സർക്കാരാണ്. അവർ ദൽഹിയെ നാണം കെടുത്തിയെന്നും സച്‌ദേവ പറഞ്ഞു.
ഇന്ന് രാവിലെയാണ് ദൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ തന്റെ എക്സ് അക്കൗണ്ടിൽ കെജ്രിവാളിന്റെ വീടിന്റെ വിശദാംശങ്ങൾ നൽകുന്ന വീഡിയോ പങ്കുവച്ചത്. പൊതുപണം ധൂർത്തടിച്ച് അയാൾ 7-സ്റ്റാർ റിസോർട്ട് നിർമ്മിച്ചുവെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ മാർബിൾ ഗ്രാനൈറ്റ് ലൈറ്റിംഗ്ന് 1.9 കോടി രൂപയും ഇൻസ്റ്റലേഷൻ വർക്കിന് 1.5 കോടി രൂപയും ജിം/സ്പാ ഉപകരണങ്ങളും ഫിറ്റിംഗുകൾക്കുമായി 35 ലക്ഷം രൂപയടക്കം ആകെ 3.75 കോടി രൂപയാണ് മുൻ മുഖ്യൻ വസതിയിലേക്ക് മുടക്കിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ വീടും കാറും സുരക്ഷയും കൈക്കലാക്കില്ലെന്ന് മക്കളോട് സത്യം ചെയ്ത് കള്ളവാക്ക് പറയുന്നവർ എങ്ങനെയാണ് ദൽഹിയിലെ നികുതിദായകരുടെ പണം കൊള്ളയടിക്കുന്നതെന്നതിന്റെ ഉദാഹരണമാണിതെന്നും സച്ദേവ പറഞ്ഞു. അതേസമയം കൊവിഡ് കാലത്ത് എഎപി പൊതു പണം ഉപയോഗിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം കെജ്‌രിവാളിന്റെ ശീഷ് മഹലിനെതിരെ ബിജെപി പ്രതിഷേധം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: