കണ്ണൂര്‍ : കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മാടായി കോളേജിലെ നിയമന വിവാദം പൊട്ടിത്തെറിയിലേക്കെത്തി.എം കെ രാഘവന് എം പിയുടെ ബന്ധുവായ സി പി എം പ്രവര്ത്തകന് കോളേജില്‍ നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ ഉള്‍പ്പെടെ നൂറോളം പേര് രാജിവെച്ചു.
പഴയങ്ങാടിയില്‍ ഭരണസമിതി ചെയര്‍മാനായ എം കെ രാഘവന്റെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചു. എം കെ രാഘവനെ കണ്ണൂര്‍ ഡിസിസി നേതൃത്വവും പരോക്ഷമായി തള്ളി.
എം കെ രാഘവന് ചെയര്‍മാനായ പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് മാടായി കോളേജിന്റെ പ്രവര്‍ത്തനം. കോണ്‍ഗ്രസ് ഭരണ സമിതി കോഴ വാങ്ങി രണ്ട് സിപിഎമ്മുകാര്‍ക്ക് നിയമനം നല്‍കിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. സിപിഎം പ്രവര്‍ത്തകനെ മാടായി കോളേജില്‍ ജോലിയെടുത്തതിലാണ് പ്രതിഷേധമെന്നും എം കെ രാഘവന് എം പി കോഴ വാങ്ങി നടത്തിയ നിയമനമാണിതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
നേരത്തേ അഭിമുഖ ദിവസം എം കെ രാഘവനെ തടഞ്ഞ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി സി സി സസ്പെന്‍ഡ് ചെയ്തിരുന്നു. മാടായി കോളേജ്നിയന്ത്രിക്കുന്ന സൊസൈറ്റിയിലെ അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ഡിസിസി, പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇത് എം കെ രാഘവനെതിരായ നിലപാടാണെങ്കിലും പ്രവര്‍ത്തക രോഷം തണുപ്പിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: