ഞാനും ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗോപകുമാറും കൂടി താങ്കളെ വീട്ടില്‍ വന്നു കണ്ട് സംസാരിച്ചതിനെക്കുറിച്ച് നിറം പിടിച്ച വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ഈ തുറന്ന കത്ത് എഴുതുന്നത്.
കഴിഞ്ഞ ജൂണ്‍ മാസം താങ്കളുടെ അനുവാദത്തോടെയാണ് ഞങ്ങള്‍ താങ്കളെ നേരില്‍ കണ്ടത്. അല്‍പം വൈകി ഞങ്ങള്‍ എത്തിയിട്ടും വീടിന്റെ ഗെയ്റ്റില്‍ വന്ന് ഞങ്ങളെ സ്വീകരിച്ച താങ്കളുടെ വിനയവും ലാളിത്യവും നിറഞ്ഞ സമീപനം താങ്കളോടുള്ള ബഹുമാനം ഏറെ വര്‍ദ്ധിപ്പിച്ചു. ഒരു മണിക്കൂറിലധികം നമ്മള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താങ്കള്‍ കണ്ടതും തിരിച്ച് പോകുന്നതിനിടയില്‍ കയ്യിലുണ്ടായിരുന്ന പേന താഴെ വീണത് അറിയാതെ എഴുന്നേറ്റ താങ്കള്‍ക്ക് പ്രധാനമന്ത്രി പേന എടുത്തു തന്നതടക്കം പലതും താങ്കള്‍ സൂചിപ്പിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ ഏകാത്മ മാനവദര്‍ശനം സമ്മാനിച്ചുകൊണ്ട് വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി കളങ്കരഹിതനായ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കസവുമുണ്ട് കഴുത്തിലണിയിച്ച് താങ്കളെ ആദരിക്കുകയും ചെയ്തു. ആരോഗ്യത്തെക്കുറിച്ചും, വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിക്കുന്നതിനടിയില്‍ ആലപ്പുഴ ജില്ലയിലെ സിപിഎം നേരിടുന്ന അപചയത്തെക്കുറിച്ചും സംസാരിച്ചു.
മതഭീകരവാദത്തിന്റെ നീരാളിപ്പിടുത്തതില്‍ ഊര്‍ദ്ധ്വം വലിക്കുന്ന ആലപ്പുഴ ജില്ലയിലെ സിപിഎമ്മിന്റെ ജീര്‍ണതയെക്കുറിച്ച് ഞാന്‍ അക്കമിട്ട് സൂചിപ്പിച്ചു. എല്ലാം അറിയുകയും മനസിലാക്കുകയും ചെയ്തിരുന്ന താങ്കള്‍ മൗനമായി അത് സമ്മതിച്ചതും ഓര്‍ക്കുന്നു. ഞങ്ങള്‍ സമ്മാനിച്ച ഏകാത്മ മാനവദര്‍ശനം എന്ന ഗ്രന്ഥം കാലിക പ്രസക്തിയുള്ളതും പുതിയ ലോകത്തിന് ഭാരതം വഴികാട്ടുന്ന തത്വചിന്തയാണെന്നും വായിച്ച് വിലയിരുത്തണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ഞങ്ങള്‍ മടങ്ങിയത്. എന്തെങ്കിലും തരത്തിലുള്ള സങ്കുചിത വീക്ഷണം ഞങ്ങളുടെ വരവിന് ഉണ്ടായിരുന്നില്ല എന്നത് വ്യക്തമാണല്ലൊ? കഴിഞ്ഞ അഞ്ച് മാസം ഈ കാര്യം ഞങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ല. കാരണം, സത്യതന്ധനും കളങ്കരഹിതനുമായ പൊതുപ്രവര്‍ത്തകരെ ആദരിക്കുന്നത് പരസ്യമായി ചര്‍ച്ചചെയ്യേണ്ടതില്ല എന്ന കാഴ്ചപ്പാടുകൊണ്ടാണ്.
ഞാന്‍ കണ്ണൂരിലെ പരിപാടിക്ക് തയ്യാറെടുക്കുമ്പോഴാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ച് താങ്കള്‍ ജി.സുധാകരനെ നേരില്‍ കണ്ടിരുന്നൊ എന്ന് ചോദിക്കുന്നത്. കണ്ടിരുന്നു എന്ന് മറുപടിയും പറഞ്ഞു. തുടര്‍ന്നാണ് വളരെ കൃത്യതയോടെ ഈ കാര്യം പൊതുവേദിയില്‍ പറഞ്ഞത്. അരിയും മലരും കുന്തിരിക്കവും സൂക്ഷിച്ചോളൂ, കാലന്മാര്‍ വരുന്നുണ്ട് എന്ന മുന്നറിയിപ്പിന്റെ മുദ്രാവാക്യം മുഴക്കിയ ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന്റെ തണലിലാണ് മതഭീകരവാദികളായ പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും തഴച്ചുവളരുന്നത്. സിപിഎം നേതൃത്വത്തിലേക്കും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ എന്നീ സംഘടനകളിലേക്കും ഇവര്‍ നുഴഞ്ഞ് കയറുന്നു എന്ന ഉത്കണ്ഠയും പങ്കുവെച്ചപ്പോള്‍ താങ്കള്‍ മൗനമായി അതംഗീകരിക്കുന്നതായി എനിക്ക് തോന്നി. താങ്കളുടെ പാതി മനസ് ഈ കാര്യത്തില്‍ ബിജെപിയോടൊപ്പമാണെന്ന് എനിക്ക് തോന്നിയെന്ന കാര്യവും പൊതുവേദിയില്‍ പറഞ്ഞു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, താങ്കളെ ആസ്പദമാക്കി നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ താങ്കളുടെ സുഹൃത്തും ഇടത് നീരീക്ഷകനുമായ എം.ജയചന്ദ്രന്‍, സിപിഎമ്മിന്റെ ചുമതലപ്പെട്ടവരില്‍ നിന്ന് ശേഖരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഞാന്‍ താങ്കള്‍ക്ക് കേന്ദ്ര മന്ത്രി സ്ഥാനവും, ഗവര്‍ണ്ണര്‍ പദവിയും വാഗ്ദാനം ചെയ്തിരുന്നുവെന്നും ബിജെപി ഷോള്‍ അണിയിച്ചു എന്നും പറഞ്ഞു. താങ്കള്‍ ഇത് പരസ്യമായി നിഷേധിച്ചില്ലെങ്കിലും സത്യസന്ധനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ ഈ കളവിനെ സ്വയം വിമര്‍ശിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. താങ്കളുടെ വീടിന്റെ അടുത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ നിന്നു പോലും താങ്കളെ അകറ്റി നിര്‍ത്തിയ ഇന്നത്തെ പാര്‍ട്ടി നേതൃത്വം എന്തിനാണ് ഇങ്ങനെ കളവ് പറഞ്ഞ് താങ്കളെ വീണ്ടും അപമാനിക്കുന്നത്?
മന്ത്രിപദം വാഗ്ദാനം ചെയ്തപ്പോള്‍ താങ്കള്‍ അത് സ്വീകരിച്ചു എന്നരീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കാനുള്ള ബോധപൂര്‍വ്വശ്രമമായാണ് പാര്‍ട്ടി നേതൃത്വം ഈ നീരീക്ഷകനിലൂടെ ചെയ്തത്.
ജനാധിപത്യത്തില്‍ പരസ്പര സമ്പര്‍ക്കവും സഹകരണവും പ്രത്യയശാസ്ത്ര സംവാദവും സ്വാഭാവികമല്ലെ? കേരളത്തില്‍ ബിജെപിക്കാര്‍ അത് ചെയ്യുമ്പോള്‍ ദുര്‍വ്യാഖ്യാനം ചമയ്‌ക്കുന്നതെന്തുകൊണ്ട്? കെ.സി. വേണുഗോപാലിന്റെ സന്ദര്‍ശനത്തെ രാഷ്‌ട്രീയവത്കരിച്ച് ജി സുധാകരന്‍ കോണ്‍ഗ്രസിലേക്ക് എന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ബിജെപിക്കാര്‍ താങ്കളെ കണ്ടതും പുസ്തകം കൈമാറിയും ചര്‍ച്ചയായത്. കോണ്‍ഗ്രസ്സുകാര്‍ കാണ്ടാല്‍ സ്വാഗതം, ബിജെപിക്കാര്‍ കണ്ടാല്‍ വിപത്ത് എന്ന കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ വിലയിരുത്തല്‍ ജുഗുപ്ത്സാവഹമാണ്. ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടപ്പോള്‍ അത് കൊടുംവിപത്ത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ നിരോധിക്കപ്പെട്ട സംഘടനകളുമായി സഖ്യം ചേര്‍ന്ന് അധികാരം പങ്കിടുന്നത് കാലഘട്ടത്തിന്റെ രാഷ്‌ട്രീയവും. ഇതാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ആത്മവഞ്ചനാപരമായ നിലപാട്. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയ്‌ക്കാനും വേണ്ടി പരസ്പര ബന്ധവും ചര്‍ച്ചയും സൃഷ്ടിക്കണമെന്ന് പറഞ്ഞ ശ്രീനായായണഗുരുവിന്റെ ജന്മനാട്ടിലാണ് ഈ ആത്മവഞ്ചന അരങ്ങേറുന്നത്.
സിപിഎമ്മിന് സംഭവിച്ച ജീര്‍ണതയെക്കുറിച്ചും മതഭീകരവാദികളുമായി സഖ്യം ചേര്‍ന്ന് നടത്തുന്ന രാജ്യ വിരുദ്ധതയെക്കുറിച്ചും തുറന്ന് പറയാന്‍ താങ്കള്‍ തയ്യാറാവാണം. ദേശാഭിമാനി പത്രത്തിന്റെ മുന്‍ എഡിറ്റര്‍ വി.ടി. ഇന്ദുചൂഢന്‍ സിപിഎമ്മിന് ബാധിച്ച പ്രത്യയശാസ്ത്ര ജീര്‍ണത തുറന്നുപറഞ്ഞ് കൊണ്ട് വിടവാങ്ങിയത് താങ്കള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ?
പാര്‍ട്ടിയുടെ അപചയത്തില്‍ നിസ്സംഗത പരിഹാരമല്ലെന്നും താങ്കള്‍ക്ക് അറിവുള്ളതാണല്ലൊ? മുതിര്‍ന്ന പ്രവര്‍ത്തകനെ ആദരിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഉത്തരവില്‍ എനിക്ക് സന്തോഷം ഉണ്ടെങ്കിലും ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന സത്യസന്ധനായ കമ്യൂണിസ്റ്റ് സഖാവ് എന്ന തലത്തില്‍ താങ്കള്‍ അതില്‍ സംതൃപ്തനാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: