കെ. കൃഷ്ണന്‍കുട്ടി
(അയ്യപ്പസേവാസമാജം
സംസ്ഥാന സംഘടനാ സെക്രട്ടറി)
അഡ്വ. തോമസ് മാത്യുവിന്റെ ആകസ്മിക വിയോഗത്തെപ്പറ്റി വിവരിക്കാന്‍ വാക്കുകളില്ല. അവസാന ശ്വാസം വരെയും സക്രിയന്‍. പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞുകൊണ്ടേയിരുന്നു. ഏറെയും കോണ്‍ഗ്രസ്, സിപിഎം രാഷ്‌ട്രീയകാപട്യങ്ങള്‍ക്കെതിരെ. മതേതരത്വത്തിന്റെയും ന്യൂനപക്ഷ പ്രേമത്തിന്റെയും പേരില്‍ ഇക്കൂട്ടര്‍ നടത്തുന്ന പ്രഛന്നവേഷ പ്രകടനങ്ങളെ അദ്ദേഹം കിട്ടുന്ന വേദികളിലെല്ലാം തുറന്നു കാട്ടി.
ദീര്‍ഘകാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സണ്‍ ഇന്ത്യ (സേവ് അവര്‍ നേഷന്‍) എന്ന സംഘടനക്കൊപ്പം നിന്നാണ് അദ്ദേഹം നിലപാടുകള്‍ തുറന്നുപറഞ്ഞിരുന്നത്. ദേശസ്‌നേഹവും ദേശാഭിമാനവുമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാനുള്ള അര്‍ത്ഥവത്തായ പ്രവര്‍ത്തനമാണ് സണ്‍ ഇന്ത്യയുടെ വേദികളിലൂടെ അദ്ദേഹം നടത്തിയത്.
ഏക സിവില്‍ കോഡിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും എടുത്ത നിലപാടുകളെ തുറന്നെതിര്‍ത്ത തോമസ് മാത്യു, കാലാനുസൃതവും പുരോഗമനപരവുമായ മാറ്റങ്ങള്‍ക്ക് പൊതു സിവില്‍ നിയമം വേണമെന്ന് ലേഖനങ്ങളിലൂടെ വാദിച്ചു. മുനമ്പം പോലെയുള്ള നീതി നിഷേധങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാവണമെന്ന് സഭാപിതാക്കന്മാര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ വഖഫ് ബോര്‍ഡ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂര്‍ അടക്കം സങ്കീര്‍ണമായ വിഷയങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം ഉണ്ടാകണം എന്നാഗ്രഹിച്ചിരുന്ന തോമസ് മാത്യു, കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്യുന്നതിന് കണ്ടെത്തിയ കാരണം കാമ്പസുകളിലെ ക്രിമിനല്‍വല്‍ക്കരണമായിരുന്നു.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ ഈ മുന്‍ കോണ്‍ഗ്രസ് നേതാവ് കുറിച്ചതിങ്ങനെ: ‘രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അന്തകനാകും’.
എല്ലാ വിഷയങ്ങളെപ്പറ്റിയും വ്യക്തമായ നിലപാടുണ്ടായിരുന്നു അദ്ദേഹത്തിന്. അതു പറയാന്‍ മടിയുമില്ലായിരുന്നു. ഇങ്ങനെ ഒരു വിഷയത്തില്‍ നാളെ തിരുനക്കരയില്‍ പ്രസംഗിക്കേണ്ടതായിരുന്നു. എന്തു ചെയ്യാം, വിധി അനുവദിച്ചില്ല. സണ്‍ ഇന്ത്യാ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഈ ദേശാഭിമാനി ഇനി ഓര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: