ഭുവനേശ്വർ ; ഗോവധം നിരോധിക്കാനുള്ള നീക്കവുമായി ഒഡീഷ. ഇതിനായി കർശന നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
കന്നുകാലികളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു. ഗോവധത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ‘ ഞങ്ങൾ അതിനൊരു നിയമം കൊണ്ടുവരാൻ പോകുന്നു. ഈ സെഷനിൽ ചില ബില്ലുകളും വന്നേക്കും. അതിലൊന്ന് ഗോവധം നിരോധിക്കാനുള്ളതാണ്. ഇതിനൊപ്പം ബീഫ് നിരോധനവും ഏർപ്പെടുത്താൻ ആലോചനയുണ്ട്‘ അദ്ദേഹം പറഞ്ഞു.ഇത്തരം സംഭവങ്ങൾ (ബീഫുമായി ബന്ധപ്പെട്ട്) ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഒഡീഷ മന്ത്രി ഗോകുലാനന്ദ മല്ലിക് പറഞ്ഞു.
1960ലെ ഒഡീഷ പ്രിവൻഷൻ ഓഫ് ഗോവധ നിയമം അനുസരിച്ച് ഒഡീഷയിൽ ഗോവധം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ 2 വർഷം തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം . എന്നാൽ ഇതിലും ശക്തമായ ശിക്ഷയും , പിഴയുമായി പുതിയ നിയമം കൊണ്ടുവരാനാണ് ശ്രമം.മൂന്ന് വർഷം മുമ്പ് ബിജെപി എംപി പ്രതാപ് ചന്ദ്ര ഷഡംഗി അന്നത്തെ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനോട് ഗോവധത്തിനെതിരായ നിയമം കർശനമായി നടപ്പാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
പശുക്കടത്ത്, ബീഫ് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് 200 കേസുകളെങ്കിലും കഴിഞ്ഞ നാല് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: