ന്യൂദല്‍ഹി: ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 2019 നവംബര്‍ 28ന് നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച ഫഡ്നാവിസ് അന്ന് പറഞ്ഞു, തിരിച്ചുവരുമെന്ന്. വെള്ളം ഇറങ്ങുന്നത് കണ്ട് എന്റെ തീരത്ത് വീട് പണിയരുത്, ഞാന്‍ സമുദ്രമാണ്, വീണ്ടും തിരിച്ചുവരും എന്ന പ്രസിദ്ധമായ ഉദ്ധരണിയാണ് അദ്ദേഹം ഉപയോഗിച്ചത്. ഈ പ്രസംഗം വൈറലായി മാറുകയാണ് സോഷ്യല്‍ മീഡിയയില്‍.
2019ലെ തെരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് 56 സീറ്റുകള്‍ നേടിയ ശിവസേന വാദിച്ചതോടെ സഖ്യം തകര്‍ന്നു. ഇതോടെ എന്‍സിപിയിലെ അജിത് പവാറിന്റെ പിന്തുണയോടെ നവംബര്‍ 23ന് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി. എന്നാല്‍ ഈ സഖ്യത്തെ എന്‍സിപി നേതാവ് ശരത് പവാര്‍ അംഗീകരിക്കാത്തതിനാല്‍ ഫഡ്നാവിസ് സ്ഥാനം ഒഴിയുകയായിരുന്നു. രാജിവച്ച ഫഡ്നാവിസ് പ്രതിപക്ഷ നേതാവായി നവംബര്‍ 28നാണ് നിയമസഭയില്‍ ഈ പ്രസംഗം നടത്തിയത്. 2022 വരെ മഹാരാഷ്ട്ര നിയമസഭ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ബിജെപി-ശിവസേന -എന്‍സിപി മഹായുതി സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി.
2014 ലാണ് ഫഡ്നാവിസ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. 122 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയതോടെ 63 സീറ്റുകള്‍ നേടിയ ശിവസേനയുടെ പിന്തുണയോടെയായിരുന്നു ഇത്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയും വസന്തറാവു നായ്ക്കിന് ശേഷം കാലാവധി തികച്ച ആദ്യത്തെ മുഖ്യമന്ത്രിയുമായി ഫഡ്നാവിസ്.
നാഗ്പൂര്‍ മുന്‍ എംഎല്‍എയായിരുന്ന ഗംഗാധര്‍ ഫഡ്നാവിസിന്റേയും സരിതയുടേയും മകനായി 1970 ജൂലൈ 22നാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ജനനം. നാഗ്പൂര്‍ ഗവ. ലോ കോളജില്‍ നിയമബിരുദം നേടി. ജര്‍മനിയിലുള്ള ബര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. എബിവിപിയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായ ഫഡ്നാവിസ് യുവമോര്‍ച്ചയുടെയും ബിജെപിയുടെയും വിവിധ ചുമതലകള്‍ വഹിച്ചു. 2010ല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന പ്രസിഡന്റുമായി.
1992ല്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് അംഗവും 1997ല്‍ 27ാം വയസ്സില്‍ മേയറുമായി. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറായിരുന്നു അദ്ദേഹം. 1999ലാണ് നിയമസഭയിലേക്ക് ആദ്യം മത്സരിക്കുന്നത്. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് നിയമസഭാ മണ്ഡലം തുടര്‍ച്ചയായ ആറാം വിജയമാണ് ഇത്തവണ ഫഡ്നാവിസിന് സമ്മാനിച്ചത്.
ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഇത്തവണ 235 സീറ്റുകള്‍ നേടി ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു. 132 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന 57, എന്‍സിപി 41 സീറ്റുകളുമാണ് നേടിയത്. മറ്റ് സഖ്യകക്ഷികളായ ജെഎസ്എസ് രണ്ടും ആര്‍എസ്പി, ആര്എസ്വിഎ, ആര്വൈഎസ്പി എന്നിവര്‍ ഓരോ സീറ്റുകള്‍ വീതവും നേടി. രണ്ട് സ്വതന്ത്രരും മഹായുതി സഖ്യത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: