Categories: World

അദാനിയ്‌ക്കെതിരെ യുഎസ് ജഡ്ജി വിധി പ്രസ്താവിച്ചതിന് പിന്നില്‍ ഗൂഢാലോചന; യുഎസ് നീതിന്യായവകുപ്പ് ചീഞ്ഞ് നാറുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍

Published by

വാഷിംഗ്ടണ്‍ : യുഎസ് നീതിന്യായവകുപ്പ് ചീഞ്ഞ് നാറുന്നുവെന്ന് തുറന്ന് സമ്മതിച്ചത് മറ്റാരുമല്ല യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തന്നെയാണ്. യുഎസിലെ നീതിന്യായവകുപ്പിനെ രാഷ്‌ട്രീയ അധികാരകേന്ദ്രങ്ങള്‍ ചൂഷണം ചെയ്തിരുന്നുവെന്നും തുറന്ന് സമ്മതിച്ചിരിക്കുകയാണ് ജോ ബൈഡന്‍.

യുഎസ് അറ്റോര്‍ണിയെക്കൊണ്ട് അദാനിയ്‌ക്കെതിരെ വിധി പറയിച്ചത് ഡീപ് സ്റ്റേറ്റോ?

ഇതോടെയാണ് അദാനിയ്‌ക്കെതിരെ യുഎസ് ജഡ്ജിയെക്കൊണ്ട് അഴിമതി നടത്തി എന്ന വിധി പ്രസ്താവിച്ചതിന് പിന്നിലും വന്‍ ഗൂഢാലോചന നടന്നുവെന്നാണ് കരുതപ്പെടുന്നത്. അദാനിയ്‌ക്കെതിരെ വിധി പറഞ്ഞ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന് ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ടിലെ 48ാമത് യുഎസ് അറ്റോര്‍ണി ആയ ബ്രിയോണ്‍ സ്റ്റേസി പീസ് ആണ് വൈദ്യുതി രംഗത്ത് കോടികളുടെ ഓര്‍ഡറുകള്‍ ലഭിക്കാന്‍ കൈക്കൂലി കൊടുത്തു എന്ന് ആരോപിച്ച് അദാനിയ്‌ക്കെതിരെ അറസ്റ്റ് വാറന്‍റ് അടക്കം പുറപ്പെടുവിച്ചത്. യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന്റെ ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവിന്റെ സ്ഥാപകന്‍. ഇദ്ദേഹം ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സിന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഉടമയാണ് ജോര്‍ജ്ജ് സോറോസ്. അപ്പോള്‍ അദാനിയ്‌ക്കെതിരെ വിധി പ്രസ്താവിച്ചതിന്റെ റൂട്ട് മനസ്സിലായല്ലോ.

ഗൗതം അദാനിയോ മരുമകന്‍ സാഗര്‍ അദാനിയോ വിനീത് ജെയിനോ യുഎസിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് നിയമം (എഫ് സി പി എ- വിദേശ അഴിമതി നടത്തല്‍ ചട്ടം) ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ യുഎസ് അറ്റോര്‍ണി അദാനിയ്‌ക്കും അദാനി ഗ്രീന്‍ എനര്‍ജിക്കും എതിരെ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സീനിയര്‍ സുപ്രീംകോടതി അഭിഭാഷകരായ മുകുള്‍ രോഹ്തഗിയും മഹേഷ് ജെത് മലാനിയും അഭിപ്രായപ്പെട്ടിരുന്നു.

വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിച്ച് അവിടെ പാവ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റുന്ന അമേരിക്ക കേന്ദ്രീകരിച്ചുള്ള ഡീപ് സ്റ്റേറ്റ് എന്ന സംവിധാനത്തിലെ ഒരു കണ്ണിയാണ് അമേരിക്കയിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്. ഈ ഡീപ് സ്റ്റേറ്റാണ് യുഎസിലെ നീതിന്യായവകുപ്പിനെ സ്വാധീനിച്ച് ഒരു അറ്റോര്‍ണിയെക്കൊണ്ട് അദാനിയ്‌ക്കെതിരെ ഇല്ലാത്തകുറ്റങ്ങളും ശിക്ഷയും പ്രഖ്യാപിച്ചത്.

രാഹുല്‍ ഗാന്ധി:ഡീപ് സ്റ്റേറ്റിന്റെ കയ്യിലെ കളിപ്പാവ

ഡീപ് സ്റ്റേറ്റ് നടത്തുന്ന ഏത് നീക്കങ്ങള്‍ക്കും കുട പിടിയ്‌ക്കുക, ഓരോ ആരോപണങ്ങള്‍ വരുമ്പോഴും മോദിയ്‌ക്കും അദാനിയ്‌ക്കും എതിരെ ആഞ്ഞടിക്കുക എന്നതാണ് ഇന്ത്യയിലെ രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേഷിന്റെയും കലാപരിപാടികള്‍. യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി അദാനിയ്‌ക്കെതിരെ കുറ്റാരോപണവും ശിക്ഷാവിധിയും നടത്തിയപ്പോള്‍ അദാനി രാജിവെയ്‌ക്കണമെന്ന് ബഹളം കൂട്ടിയ നേതാവാണ് രാഹുല്‍ ഗാന്ധി. കേസ് എന്തെന്നോ, ഏത് വകുപ്പിലാണ് കേസ് ചുമത്തിയിരിക്കുന്നതെന്നോ ഒന്നും അറിയാന്‍ പോലും ശ്രമിക്കാതെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ നീക്കം. ഡീപ് സ്റ്റേറ്റിന്റെ കയ്യിലെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക