ന്യൂദൽഹി : സൗദി അറേബ്യയിലെ ജിദ്ദയിൽ ഡിസംബർ 5-ന് ആരംഭിക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവൽ 2024-ൽ ബോളിവുഡ് സൂപ്പർതാരങ്ങളായ ആമിർ ഖാനും കരീന കപൂറും പങ്കെടുക്കും. റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് പരിപാടിയുടെ നാലാം പതിപ്പിൽ അഭിനേതാക്കൾ അതിന്റെ ‘ഇൻ-കോൺവർസേഷൻ’ സെഗ്‌മെൻ്റിലാണ് പങ്കെടുക്കുന്നത്.
ആമിറിന്റെ സെഷൻ ഡിസംബർ 5 ന് നടക്കും. അതേസമയം ഡിസംബർ 6 ന് സംഭാഷണ പരമ്പരയിൽ കരീന പങ്കെടുക്കും. ‘ലഗാൻ’, ‘3 ഇഡിയറ്റ്‌സ്’, ‘ദംഗൽ’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പേരുകേട്ട ആമിർഖാൻ തന്റെ തകർപ്പൻ കഥപറച്ചിലും അർപ്പണബോധവും കൊണ്ട് ഇന്ത്യൻ സിനിമയെ പുനർനിർവചിച്ചു എന്നാണ് ഫിലിം ഫെസ്റ്റിവലിന്റെ എക്‌സ് പേജിൽ കുറിച്ചിട്ടുള്ളത്.
റെഡ് സീ ഫിലിം ഫെസ്റ്റിവൽ സംഘാടകർ കരീനയെ “2000 മുതൽ ഹിന്ദി സിനിമയിലെ സമൃദ്ധമായ മുൻനിര വനിത എന്നാണ് വിശേഷിപ്പിച്ചത്. റൊമാൻ്റിക് കോമഡികൾ മുതൽ ക്രൈം ഡ്രാമകൾ വരെയുള്ള നിരവധി ചലച്ചിത്ര വിഭാഗങ്ങളിലെ വേഷങ്ങളിലൂടെ അവർ ശ്രദ്ധേയയാണെന്നും സംഘാടകർ പറഞ്ഞു.
‘ദ ബക്കിംഗ്ഹാം മർഡേഴ്‌സ്’ എന്ന ചിത്രത്തിലാണ് കരീന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 2022-ൽ കരീനക്കൊപ്പം അഭിനയിച്ച “ലാൽ സിംഗ് ഛദ്ദ” ആണ് ആമിറിന്റെ അവസാന റിലീസ്.
2024 ലെ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ സംവിധായിക റീമ കഗ്തിയുടെ “സൂപ്പർബോയ്‌സ് ഓഫ് മാലേഗാവ്” എന്ന ചിത്രം 11 ദിവസത്തെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഡിസംബർ 14ന് ഫെസ്റ്റിവൽ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക