India

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആരംഭിച്ചു; വേഗം മണിക്കൂറില്‍ 280 കിലോമീറ്റര്‍

Published by

ചെന്നൈ: വന്ദേ ഭാരത് ട്രെയിനുകള്‍ക്കു പിന്നാലെ ഭാരതത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിനുകള്‍ ഉടനെത്തും. മെയ്‌ക്ക് ഇന്‍ ഇന്ത്യ പ്രകാരം പുതിയ പദ്ധതിക്കു തുടക്കമിട്ടതായി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ അറിയിച്ചു. മണിക്കൂറില്‍ 280 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്ന ബുള്ളറ്റ് ട്രെയിനുകളാണ് നിര്‍മിക്കുന്നത്.

ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് അതിവേഗ ട്രെയിന്‍ സെറ്റുകള്‍ രൂപകല്‍പന ചെയ്യുക. ബിഇഎംഎല്ലുമായി സഹകരിച്ചാണ് നിര്‍മാണം. 28 കോടി രൂപയാണ് പദ്ധതിച്ചെലവ്. അതിവേഗ ട്രെയിന്‍ സെറ്റുകളുണ്ടാക്കുന്നതിന് അത്യാധുനിക സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണ്.

ചെയര്‍കാര്‍ ട്രെയിന്‍ സെറ്റുകളില്‍ എയ്‌റോഡൈനാമിക് എക്സ്റ്റീരിയറുകള്‍, സീല്‍ ചെയ്ത ഗാങ്വേകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, സിസിടിവി നിരീക്ഷണം, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, ലൈറ്റിങ്, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. ട്രെയിന്‍ രൂപകല്‍പന പൂര്‍ത്തിയായ ശേഷമേ പരീക്ഷണമുള്‍പ്പെടെ കാര്യങ്ങള്‍ തീരുമാനിക്കൂ.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയുടെ ഭാഗമായുള്ള പാലത്തിന്റെ 331 കിലോമീറ്റര്‍ പൂര്‍ത്തിയായി, 336 കിലോമീറ്റര്‍ അടിത്തറ പാകി, 225 കിലോമീറ്ററില്‍ തൂണുകള്‍ സ്ഥാപിച്ചു, 21 കിലോമീറ്റര്‍ സമുദ്രാന്തര്‍ഭാഗത്തെ ടണല്‍ നിര്‍മാണം ആരംഭിച്ചു. 508 കിലോമീറ്റര്‍ എംഎഎച്ച്എസ്ആര്‍ പദ്ധതിയില്‍ 12 സ്റ്റേഷനുണ്ട്. പദ്ധതി നിര്‍മാണത്തിന് 1389.5 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക