Kerala

‘പെറ്റ് ഇംപോര്‍ട്ട്’ നിലവില്‍ വന്നശേഷം കൊച്ചിയില്‍ ആദ്യമായി പറന്നിറങ്ങിയ ‘ഇവ’യ്‌ക്ക് ഗംഭീര വരവേല്‍പ്പ്

Published by

 

കൊച്ചി: വിദേശത്തു നിന്ന് ഓമനമൃഗങ്ങളെ കൊണ്ട് വരാനുള്ള സര്‍ട്ടിഫിക്കേഷന്‍ ഒക്ടോബറില്‍ ലഭിച്ചതിനു ശേഷം കൊച്ചി വിമാനത്താവളത്തിലേക്ക് ആദ്യമായി പറന്നിറങ്ങിയത് ‘ഇവ’. സങ്കരയിനത്തില്‍പെട്ട ഒരു വയസുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചകുട്ടിയാണ് വ്യാഴാഴ്ച രാവിലെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയത്. തൃശൂര്‍ ചേലക്കര സ്വദേശിയായ കെ. എ രാമചന്ദ്രന്റെ ഓമനയാണ് ‘ഇവ’.
‘മികച്ച സേവനമാണ് സിയാല്‍ നല്‍കിയത്. കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആയാസരഹിതമായി, വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ സാധിച്ചു. ‘ഇവ’യെ കൊണ്ട് വരാനുള്ള പ്രക്രിയകള്‍ സുഗമമാക്കി തന്ന സിയാലിന് നന്ദി’, തന്റെ ഓമനമൃഗത്തോടൊപ്പം കൊച്ചിയിലെത്തിയ രാമചന്ദ്രന്‍ പറഞ്ഞു.
ഈ വര്‍ഷം ജൂലൈയില്‍ ‘പെറ്റ് എക്‌സ്‌പോര്‍ട്ട്’ സൗകര്യം സിയാലില്‍ നിലവില്‍ വന്നു. നിരവധി യാത്രക്കാര്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ‘അനിമല്‍ ക്വാറന്റൈന്‍ & സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ്’ (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ, ‘പെറ്റ് എക്‌സ്‌പോര്‍ട്ട് – ഇംപോര്‍ട്ട്’ സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by