ലിസ്ബന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗംഭീര വിജയം കൊയ്ത് പ്രീമിയര്‍ ലീഗ് കരുത്തരായ ആഴ്‌സണല്‍ എഫ്‌സി. ഇന്നലെ പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ്ങിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കീഴടക്കിയത്. ജയത്തോടെ പത്ത് പോയിന്റുമായി ടീം ഏഴാം സ്ഥാനത്തേക്ക് കുതിച്ചു.
ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിക്കുകയും ഒരെണ്ണം തോല്‍ക്കുകയും ചെയ്തു. ഒരു മത്സരം സമനിലയില്‍ അവസാനിപ്പിച്ചു.
സ്‌പോര്‍ട്ടിങ്ങിനെതിരെ ഏഴാം മിനിറ്റില്‍ ആഴ്‌സണല്‍ സ്‌കോര്‍ ചെയ്ത് തുടങ്ങി. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ആണ് ആദ്യ ഗോള്‍ നേടിയത്. 22-ാം മിനിറ്റില്‍ ജര്‍മനിയുടെ സൂപ്പര്‍ താരം കായി ഹാവേര്‍ട്‌സിലൂടെ ലീഡ് ഇരട്ടിപ്പിച്ചു. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ഗബ്രിയേല്‍ മഗാള്‍ഹീസിലൂടെ മൂന്നാംഗോള്‍.
3-0ന്റെ ലീഡില്‍ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ സ്വന്തം കളത്തിലിറങ്ങിയ സ്‌പോര്‍ട്ടിങ്ങിന്റെ തിരിച്ചടി. 65-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോലാക്കി ബുകായോ സാകാ ആഴ്‌സണലിനെ പിന്നെയും മുന്നോട്ടു നയിച്ചു. ഒടുവില്‍ 82-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡിലൂടെ ആഴ്‌സണല്‍ കളിയിലെ അഞ്ചാം ഗോളും സ്വന്തമാക്കി.
ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയും ജര്‍മന്‍ ക്ലബ്ബ് ലെവര്‍കുസനും ഗംഭീര വിജയമാണ് നേടിയത്. യങ് ബോയ്‌സിനെതിരെ അറ്റ്‌ലാന്റെ 6-1ന്റെ വിജയം ആഘോഷിച്ചു. മറ്റൊരു ജര്‍മന്‍ ടീം ആര്‍ബി സാല്‍സ്ബര്‍ഗിനെ 5-0ന് തകര്‍ത്തായിരുന്നു ലെവര്‍കുസന്റെ ആഹ്ലാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: