സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ നടക്കുന്ന ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ചൈനയ്ക്ക് അടികൊടുത്ത് ഇന്ത്യയുടെ ഗുകേഷ്. മൂന്നാം റൗണ്ടില്‍ ചൈനയുടെ ഡിങ്ങ് ലിറനെ ഗുകേഷ് തോല്പിക്കുകയായിരുന്നു. ഗുകേഷിന്റെ അതിശക്തമായ ആക്രമണത്തില്‍ ഡിങ്ങ് ലിറന് സമയസമ്മര്‍ദ്ദത്തില്‍ വീണു. ഒരു ഘട്ടത്തില്‍ 11 നീക്കങ്ങള്‍ എട്ട് മിനിറ്റിനകം നടത്തണം എന്ന സ്ഥിതി വന്നു. പിന്നീട് അഞ്ച് സെക്കന്റുകളില്‍ നാല് നീക്കങ്ങള്‍ നടത്തണമെന്ന് വന്നു. അതോടെ ഡിങ്ങ് ലിറന് തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതോടെ പോയിന്റ് നില 1.5-1.5 എന്ന തുല്യനിലയിലായി. ആദ്യ ഗെയിം ഡിങ്ങ് ലിറന് വിജയിച്ച് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. രണ്ടാം ഗെയിം സമനില പിടിക്കുക വഴി പൊയ്പോയ ആത്മവിശ്വാസം ഗുകേഷ് തിരിച്ചുപിടിക്കുകയായിരുന്നു. ഇപ്പോഴിതാ മൂന്നാം ഗെയിം വിജയിക്കുക വഴി ഗുകേഷ് കളിയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.
ആദ്യ റൗണ്ടിലെ തോല്‍വിക്ക് ശേഷം, രണ്ടാം റൗണ്ടില്‍ കരുക്കള്‍ നീക്കുമ്പോള്‍ തന്നെ കസേരയില്‍ ഇരുന്ന് ആഴത്തില്‍ ബ്രീത്ത് ചെയ്ത് ഗുകേഷ് ധ്യാനിച്ചിരുന്നു. തുടര്‍ച്ചയായ ഈ ധ്യാനം ഗുകേഷിന് ശാന്തതയും പോസിറ്റിവിറ്റിയും തിരിച്ചുനല്‍കിയെന്ന് പറയുന്നു. പൊതുവേ യോഗയ്ക്കും ധ്യാനത്തിനും വലിയ പ്രാധാന്യം നല്കുന്ന ചെസ് താരമാണ് ഗുകേഷ്.
ഡിങ്ങ് ലിറന് അസാധാരണമായി ലോക ചെസ് കിരീടപ്പോരാട്ടത്തിന് ഒരുങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ഗെയിമുകളില്‍ പതിവ് രീതികളില്‍ നിന്നും വേറിട്ടുള്ള വേരിയേഷനുകളാണ് ഡിങ് ലിറന് കളിച്ചത് ഇതോടെ 2024ല്‍ ഫോം നഷ്ടപ്പെട്ട കളിക്കാരന് എന്ന പ്രതിച്ഛായ പുറമേക്ക് സൃഷ്ടിച്ച് രഹസ്യമായി ഡിങ്ങ് ലിറന് ഒരുങ്ങുകയായിരുന്നു എന്ന ഊഹാപോഹം പരന്നിരുന്നു. 2024ല്‍ മികച്ച ഫോമിലായിരുന്നു ഗുകേഷ് കിരീടം നേടും എന്നാണ് മാഗ്നസ് കാള്‍സനും ഗാരി കാസ്പറോവും ഇയാന്‍ നെപോമ്നിഷിയും പ്രവചിച്ചിരുന്നത്.
ആദ്യം ആരാണോ ഏഴര പോയിന്റ് നേടുന്നത് അയാളായിരിക്കും കിരീടം നേടുക. ആദ്യം ഇരുവരും 14 ഗെയിമുകള്‍ പോരാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: