മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും കേരളത്തിലടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളും പല ചോദ്യങ്ങള്‍ ഉയര്‍ത്തുകയും പല ഉത്തരങ്ങളും മുന്നറിയിപ്പുകളും നല്‍കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പോക്ക് നിലവില്‍ ഏതു ദിശയിലാണെന്നും ഏതു ദിശയിലാകരുതെന്നും കൃത്യമായ സൂചന അതിലുണ്ട്. ദേശീയ രംഗത്ത് ബിജെപിയും എന്‍ഡിഎയും ആര്‍ജിക്കുന്ന അംഗീകാരവും തകര്‍ന്നടിയുന്ന കോണ്‍ഗ്രസ്, സഖ്യകക്ഷികള്‍ക്ക് ബാധ്യതയായി മാറുന്നതും ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരത് പവാറിന്റെ എന്‍സിപിയും അപ്രസക്തമാകുന്നതും മറ്റുമാണ് പ്രത്യക്ഷത്തില്‍ കാണുന്ന പാഠങ്ങള്‍. അടിസ്ഥാന നിലപാടുകളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ ജനം കൂടെയുണ്ടാവില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് ഉദ്ധവ് താക്കറേയുടെ വീഴ്ചയില്‍ പ്രതിഫലിച്ചത്. അവസരത്തിനനുസരിച്ച് ചുവട് മാറ്റിക്കളിക്കുന്നതിന് കിട്ടിയ ശിക്ഷയാണ് ശരത് പവാര്‍ അനുഭവിക്കുന്നത്. ഈ രണ്ടു കക്ഷികളും പ്രധാനമായും പ്രാദേശിക തലത്തില്‍ ഒതുങ്ങുന്നവയാകയാല്‍ പ്രഹരവും അവിടെ ഒതുങ്ങും. ദേശീയ തലത്തില്‍ അടിയേറ്റതാണ് കോണ്‍ഗ്രസിന്റെ പതനത്തിനു വൈപുല്യം നല്‍കുന്നത്. മഹാരാഷ്‌ട്രയിലും മറ്റിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കടപുഴകി വീണു. ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മിന്റെ വാലായി മാറി.
ഈ സാഹചര്യത്തിലാണ് ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രകടനം ശ്രദ്ധേയമാകുന്നത്. മഹാരാഷ്‌ട്രയില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മേല്‍ക്കൈ പതിന്മടങ്ങു ശോഭയോടെ തിരിച്ചു പിടിച്ചതിന് പുറമെ, ഉപതെരഞ്ഞെടുപ്പുകളില്‍ ബംഗാളിലും കേരളത്തിലും ഒഴികെ വന്‍ വിജയം കൈവരിക്കുകയും ചെയ്തല്ലോ. ഝാര്‍ഖണ്ഡില്‍ പരാജയപ്പെട്ടെങ്കിലും വോട്ടു വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാനും പല മേഖലകളിലേയ്‌ക്കും കടന്നുചെല്ലാനും ബിജെപിക്ക് കഴിഞ്ഞു. അടിത്തറ ഉറപ്പിക്കുമ്പോഴാണല്ലോ പ്രസ്ഥാനം വളരുന്നത്.
ഝാര്‍ഖണ്ഡിലും ബംഗാളിലുമൊക്കെ അവിടുത്തെ ഭരണ കക്ഷികള്‍ എങ്ങനെ വിജയം നേടി എന്നത് വിശകലനം ചെയ്യുമ്പോഴാണ്, പ്രതിപക്ഷം ഏറെ വിവാദമാക്കിയ പൗരത്വ ഭേദഗതി നിയമം എത്ര പ്രസക്തമാണെന്ന് ബോധ്യമാകുന്നത്. എന്തുകൊണ്ട് അവര്‍ അതിനെ എതിര്‍ക്കുന്നു എന്നതിനുള്ള ഉത്തരവും അതിലുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ വന്‍ സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കി അവരുടെ വോട്ടിന്റെ ബലത്തിലാണ് അവിടുത്തെ സര്‍ക്കാരുകള്‍ പിടിച്ചു നില്‍ക്കുന്നത്. തദ്ദേശീയരെ ഭരിക്കാന്‍ വിദേശ കുടിയേറ്റക്കാരെ ഏല്‍പിക്കുന്ന നടപടിയാണ് അവിടെ നടന്നുവരുന്നത്. ബിജെപി അവിടെയൊക്കെ നടത്തുന്നത് ഭരണം പിടിക്കാനുള്ള പോരാട്ടം എന്നതിനപ്പുറം ദേശീയത സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഭാരതീയരുടെ സ്വന്തം മണ്ണും വീടും സംസ്‌കാരവും ഭാഷയും ആചാരങ്ങളും സംരക്ഷിക്കാനുള്ള, ജീവന്മരണപ്പോരാട്ടമാണത്. അതിന്റെ തന്നെ വേറൊരു രൂപമാണ് കേരളത്തില്‍ നടക്കുന്നതും. കോണ്‍ഗ്രസ് ജയിച്ചാല്‍ ഭീകരവാദികള്‍ വിജയാഹ്ലാദം നടത്തുന്നതിന് ആഴത്തിലുള്ള അര്‍ഥമുണ്ട്. അവരുടെ മുദ്രാവാക്യങ്ങളില്‍ നിറഞ്ഞു നിന്നത് വിജയത്തിന്റെ ആഹ്ലാദം എന്നതിനേക്കാള്‍, ബിജെപിയുടെ തോല്‍വിയിലുള്ള ആഹ്ലാദമായിരുന്നു. അതിനര്‍ത്ഥം ബിജെപിയാണ് അവരുടെ ശത്രു എന്നാണ്. ബിജെപി പ്രതിനിധീകരിക്കുന്ന ദേശീയ വീക്ഷണമാണ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത്. ഇവിടെ നടക്കുന്ന ആചാര ലംഘനങ്ങളും ഹിന്ദു വിരുദ്ധ നടപടികളും ഇതിനോട് ചേര്‍ത്തു വായിക്കണം. അതിനൊപ്പം അണിചേരാന്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനോട് കൈകോര്‍ക്കാന്‍ മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും ഒരു മനസ്സാക്ഷിക്കുത്തുമില്ല. എന്ത് സംഭവിച്ചാലും ബിജെപി തോല്‍ക്കണം എന്ന ചിന്ത ഇതില്‍നിന്നുണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ, നിലവിലെ കേന്ദ്ര ഭരണ സംവിധാനം നീങ്ങുന്നത് ശരിയായ ദിശയിലാണ് എന്ന വ്യക്തമായ സൂചന ഈ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. ഏതു വഴിക്കു പാടില്ല എന്ന മുന്നറിയിപ്പും അതില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക