തൃശൂര്‍: സുവര്‍ണ്ണാവസരം പരമാര്‍ശം കേസിലെ വിധി സിപിഎമ്മും കോണ്‍ഗ്രസും പഠന വിധേയമാക്കണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള .സംഭവത്തില്‍ തന്നെ വേട്ടയാടുകയായിരുന്നു എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സാക്ഷാല്‍ ശ്രീധര്‍മ്മശാസ്താവ് അയ്യപ്പന്റെ അനുഗ്രഹമാണ് കേസിലെ കോടതി വിധി. തന്റെ പാര്‍ട്ടി അണികളോട് അവസരം ഉപയോഗപ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്. സത്യസന്ധമായി വിഷയത്തില്‍ നിലപാടെടുത്ത് ജനങ്ങളെ സത്യാവസ്ഥ അറിയിക്കണമെന്നായിരുന്നു ആഹ്വാനം.
കോടതിക്ക് പരമാര്‍ശത്തിന്റെ പരമാര്‍ത്ഥം സമ്പൂര്‍ണ്ണമായി ബോധ്യപ്പെട്ടതിനാലാണ് കേസ് തള്ളിയത്. ആക്രമണ ആഹ്വാനങ്ങളൊന്നും താന്‍ പറഞ്ഞിട്ടില്ല . തികച്ചും ഗാന്ധീയ ദര്‍ശനത്തില്‍ സമരം മുന്നോട്ടു കൊണ്ടു പോകാനാണ് അണികളോട് ആഹ്വാനം ചെയ്തത് . ഇത് ഏതൊരു രാഷ്ട്രീയ നേതാവിന്റെയും കര്‍മ്മവും ലക്ഷ്യവും ആണ്. അതുമാത്രമാണ് താന്‍ ചെയ്തത്. ഭഗവാന്റെ അനുഗ്രഹം എന്നും ലഭിച്ചിട്ടുള്ള തനിക്ക് ഈ കേസിലും ഭഗവാന്റെ അനുഗ്രഹം ഉണ്ടായി. നിയമങ്ങളെ ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഈ കോടതിവിധി പഠനവിധേയമാക്കേണ്ടതുണ്ട്. വേട്ടയാടലില്‍ വേദന അനുഭവപ്പെട്ടപ്പോഴും നിലപാടുകളില്‍ മാറ്റം വരുത്താതെ പൊരുതി നിന്നു . ഒരിക്കല്‍പോലും തന്റെ പ്രസ്താവന തിരുത്തിയിട്ടില്ല. കോടതിക്ക് കേസിലെ വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണമായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് തള്ളിയതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമല വിവാദത്തിനിടയില്‍ യുവമോര്‍ച്ച നേതൃത്വ സംഗമത്തില്‍ സുവര്‍ണ്ണാവസരം പാഴാക്കരുതെന്ന ശ്രീധരന് പിള്ളയുടെ പരമാര്‍ശമാണ് വിവാദമായിരുന്നത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരുന്നു ശ്രീധരന്‍പിള്ള. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവാണ് കോഴിക്കോട് ശ്രീധരന്‍പിള്ളക്കെതിരെ ഹര്‍ജി നല്‍കിയത്. നിയമപരമായി നഷ്ടപരിഹാരത്തിന് അവകാശമുണ്ടെങ്കിലും അത്തരം നീക്കങ്ങള്‍ ഒന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നും ശ്രീധരന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: