Kerala

സിപിഎമ്മിന് ധാര്‍മികത പലവിധം; അണികളില്‍ അമര്‍ഷം

Published by

ആലപ്പുഴ: പാര്‍ട്ടി മന്ത്രിക്ക് ധാര്‍മ്മികത ഒരു തവണ മാത്രം മതിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടില്‍ അണികളിലും മുതിര്‍ന്ന നേതാക്കളിലും അസംതൃപ്
തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെയും വിശ്വസ്തനായ സജി ചെറിയാനെ സംരക്ഷിക്കുന്നതിനാണ് നേതൃത്വം വിചിത്രമായ തീരുമാനം കൈക്കൊണ്ടത്. ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനം ന്യായീകരിക്കാനാണ് സിപിഎമ്മുകാര്‍ക്ക് പോലും ദഹിക്കാത്ത ന്യായീകരണം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നത്.

ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവച്ചതാണെന്നും, അതിനാല്‍ ഇപ്പോള്‍ വീണ്ടും രാജിവെക്കേണ്ടതില്ലെന്നുമാണ് തീരുമാനം. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന സജി ചെറിയാന്റെ നിലപാടിനെയും സിപിഎം പിന്തുണയ്‌ക്കുന്നു. എന്നാല്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടര്‍ അന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ പ്രതിയെ കേള്‍ക്കേണ്ട കാര്യമില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തനാണ് ഹൈക്കോടതി ഉത്തരവ്. തുടരന്വേഷണം ആവശ്യമില്ലെന്ന തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

പിണറായി വിജയന്റെ അടുപ്പക്കര്‍ക്ക് ഒരു നീതിയും, മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്നതാണ് പാര്‍ട്ടി ലൈന്‍ എന്നാണ് വിമര്‍ശനം

ഉയരുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും കിട്ടാത്ത പിന്തുണയാണ് സജി ചെറിയാന് ലഭിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമനം ആരോപണത്തെ തുടര്‍ന്ന് ചുമതലയേറ്റ് അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ കേന്ദ്രകമ്മിറ്റിയംഗമായ ഇ. പി. ജയരാജന് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുന്നതിനും മറ്റ് സര്‍ക്കാറുകളില്‍ നിന്നും വ്യത്യസ്തമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് തെളിയിക്കുന്നതിനുമായിരുന്നു രാജി എന്നാണ് സിപിഎം അവകാശപ്പെട്ടത്. കോടതി പരാമര്‍ശം പോലുമില്ലാതെ ജയരാജനെ രാജിവെപ്പിച്ച നേതൃത്വം, ഇത്രയും ശക്തമായ പരാമര്‍ശം ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും സജി ചെറിയാനെ സംരക്ഷിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശനം.

ആലപ്പുഴ ജില്ലയിലടക്കം ഏരിയ സമ്മേളനങ്ങളില്‍ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിയുടെ കാര്യത്തില്‍ റിയാസ് അഭിപ്രായ പറയേണ്ടതില്ലെന്നും, പല മന്ത്രിമാരും എന്തെങ്കിലും വിളിച്ചു പറയാനാണ് വായ് തുറക്കുന്നതെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക