Kerala

വഖഫ് ഭീകരത പത്തി വിടര്‍ത്തുന്നു: മുനമ്പത്തുകാരെ ഇറക്കിവിടണം; ഭീഷണിയുമായി വഖഫ് സംരക്ഷണ സമിതി

Published by

കൊച്ചി: സര്‍ക്കാര്‍ ഇടപെട്ട് മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കണമെന്നും സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു വഖഫ് ബോര്‍ഡിനു നല്കണമെന്നും വഖഫ് സംരക്ഷണ സമിതി. മുനമ്പത്തു സമരം ചെയ്യുന്നവരെ ക്രിസ്ത്യന്‍ തീവ്രവാദികളെന്നാണ് സമിതി വിശേഷിപ്പിച്ചത്. ക്രിസ്ത്യന്‍ തീവ്രവാദികളെ ഉപയോഗിച്ച് വര്‍ഗീയത അഴിച്ചുവിട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

മുനമ്പത്തെ വഖഫ് ബോര്‍ഡിന്റേതായ ഏക്കര്‍ കണക്കിനു വസ്തുക്കള്‍ പിടിച്ചെടുക്കുക തന്നെ വേണം. സമവായ ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്കു പ്രശ്‌നം പരിഹരിക്കാനാകില്ല. നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചാല്‍ മുനമ്പത്തുകാര്‍ക്കു ഭൂമി ലഭിക്കില്ല, അതിനാലാണ് സമരം ചെയ്യുന്നത്, വഖഫ് സംരക്ഷണ സമിതി അവകാശപ്പെട്ടു.

റിസോര്‍ട്ട് മാഫിയയാണ് മുനമ്പം സമരത്തെ നിയന്ത്രിക്കുന്നതെന്നാണ് അവരുടെ മറ്റൊരാരോപണം. മുനമ്പത്ത് 610 വീടുകളില്ല. ഇരുന്നൂറോളം വീടേയുള്ളൂ. ഭൂമി വഖഫിന്റേതു തന്നെ. ഇതിനു വ്യക്തമായ തെളിവുണ്ട്. ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

വഖഫ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണ്. അതിനാല്‍ മുനമ്പത്തേത് സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയാണ്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു വഖഫ് ബോര്‍ഡിന് കൈമാറി യഥാര്‍ത്ഥ അവകാശികളായ ഫറൂഖ് കോളജിനു വിദ്യാഭ്യാസാവശ്യത്തിനു വിട്ടുകൊടുക്കണം.

2008ല്‍ നിസാര്‍ കമ്മിഷനെ നിയമിച്ചത് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരാണ്. 2009ല്‍ വഖഫ് ഭൂമിയിലെ കൈയേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ ഏറ്റവും വലിയ കൈയേറ്റമാണ് മുനമ്പത്തേത്. കൈയേറ്റക്കാര്‍ കാലങ്ങളായി കൈവശം വച്ചിരിക്കുന്ന ഏക്കര്‍ കണക്കിനു ഭൂമി തങ്ങള്‍ ഇടപെട്ടു വിട്ടുതരണമെന്നു പറയുന്നവര്‍ക്ക് ഒരിക്കലും അതിനു കഴിയില്ല. മുസ്ലിം വിശ്വാസികള്‍ അത് അനുവദിക്കയുമില്ല. ഇസ്ലാം മതത്തിലുള്ള മുസ്ലിം നാമധാരികള്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ കാരണം ഇക്കൂട്ടരും ധാരാളം അനധികൃത വഖഫ് വസ്തുക്കള്‍ കൈവശം വച്ചിരിക്കുന്നതിനാലാണ്. ഭൂമി വില്‍പ്പന നടത്തിയ ഫറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കെതിരേ നടപടി സ്വീകരിക്കണം, വഖഫ് സംരക്ഷണ സമിതി പ്രസിഡന്റ് ഷരീഫ് ഹാജി പുത്തന്‍പുര, കണ്‍വീനര്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക