രാജ്യത്ത് സ്വന്തമായി പിന്‍കോഡുള്ളത് രണ്ട് പേര്‍ക്കാണ്. ഒരാള്‍ ഇന്ത്യന്‍ രാഷ്ട്രപതിയാണ്. എന്നാല്‍ മറ്റൊരാളോ; സാക്ഷാല്‍ ശബരിമല അയ്യപ്പന്! സന്നിധാനത്ത് സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസിലാണ് രാജ്യത്ത് മറ്റെങ്ങുമില്ലാത്ത സവിശേഷതകള്‍ ഉള്ളത്. സന്നിധാനത്തെ തപാല്‍ ഓഫീസിന്റെ പിന്‍കോഡ് വരുന്നത് 689173 എന്നതാണ്. വര്‍ഷത്തില്‍ മൂന്ന് മാസം മാത്രം സജീവമാകുന്ന തപാല്‍ ഓഫീസും പിന്കോഡുമാണിത്.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തും വിഷുവിന്റെ സമയത്ത് ഒരാഴ്ചയുമാണ് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുക. സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ്
ഇവിടെ ഉപയോഗിക്കുന്നത്. ഈ സീല്‍ പതിച്ച പോസ്റ്റ് കാര്‍ഡ് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് അയച്ചു നല്കാന് ഭക്തര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുന്നത് പതിവാണ്.
1963 മുതലാണ് ഈ പോസ്റ്റ് ഓഫീസ് ശബരിമലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും 1974-ലാണ് പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നത്. മണ്ഡലകാലം കഴിഞ്ഞാല്‍ സീല്‍ പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. അടുത്ത ഉത്സവ കാലത്താകും ഇത് വീണ്ടുമെടുക്കുക. അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിയ കത്തുകളും മണി ഓര്‍ഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്. കത്തുകള്‍ അയ്യപ്പസ്വാമിക്ക് മുന്പില് സമര്‍പ്പിച്ച ശേഷം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുന്നതാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: