India

പഞ്ചാബിൽ ഇന്നലെ മാത്രം കത്തിച്ചത് 400ലധികം വൈക്കോൽ കൂനകൾ : ഈ സീസണിൽ കത്തിക്കൽ കേസുകളുടെ എണ്ണം എണ്ണായിരം കടന്നു

Published by

ചണ്ഡീഗഡ് : ദൽഹിയിലടക്കം വായു മലിനീകരണം രൂക്ഷമായിരിക്കെ പഞ്ചാബിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 400ലധികം പുതിയ വൈക്കോൽ തീപിടിത്തങ്ങൾ. ഇതോടെ ഈ സീസണിൽ സംസ്ഥാനത്ത് ഇത്തരം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 8,404 ആയി.

റിമോട്ട് സെൻസിംഗ് ഡാറ്റ പ്രകാരമാണ് ഇത്തരം സംഭവങ്ങളുടെ എണ്ണം എടുക്കുന്നത്. ഡാറ്റ പ്രകാരം ഫിറോസ്പൂരിൽ 74 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും ഉയർന്നത് ഇവിടെയാണ്. ബതിന്ദ 70, മുക്ത്സർ 56, മോഗ 45, ഫരീദ്കോട്ട് 30 എന്നിവയാണ് മറ്റിടങ്ങൾ.

ഈ വർഷം സെപ്റ്റംബർ 15 മുതൽ നവംബർ 17 വരെ പഞ്ചാബിൽ 8,404 വൈക്കോൽ കത്തിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഡാറ്റ കാണിക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിളകളുടെ അവശിഷ്ടങ്ങൾ കത്തിച്ചതിൽ 75 ശതമാനം ഇടിവ് രേഖപ്പെടുത്തി.

അതേ സമയം ഒക്‌ടോബർ, നവംബർ മാസങ്ങളിലെ നെൽകൃഷി വിളവെടുപ്പിനുശേഷം പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കൂനകൾ കത്തിക്കുന്നത് ദൽഹിയിലെ അന്തരീക്ഷ മലിനീകരണം വർധിക്കുന്നതിന് പലപ്പോഴും കാരണമാകാറുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by