കൊച്ചി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്ന തിരുവനന്തപുരം വിതുര ജിവിഎച്ച്എസ്എസിന്റെ അഭിമാനമായി കാര്‍ത്തിക് കൃഷ്ണ. ഇന്നലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പൊന്നണിഞ്ഞാണ് കാര്‍ത്തിക് സ്കൂളിന്റെ അഭിമാനമായത്.
എന്നാല്‍ നിരവധി പ്രതിഭകളെ കായിക കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ടെങ്കിലും പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സ്കൂളിലെ കായിക താരങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
തന്റെ ഏറ്റവും മികച്ച ദൂരത്തേക്ക് ഷോട്ട് എറിഞ്ഞാണ് കാര്‍ത്തിക് ഇന്നലെ പൊന്നണിഞ്ഞത്. 14.17 മീറ്റര്‍. സ്കൂളിലെ കായിക അധ്യാപകന് ബി. സത്യനാണ് കാര്‍ത്തികിന്റെ പരിശീലകന്. കാര്‍ത്തികിന് പുറമെ സഹോദരന് ഹൃതിക്കും കായിക താരമാണ്. സീനിയര്‍ വിഭാഗത്തില്‍ ഹൃതിക്കും മത്സരിച്ചെങ്കിലും പരിക്കിനെ തുടര്‍ന്ന് മെഡല്‍ പട്ടികയില്‍ ഇടംനേടാനായില്ല. സ്കൂളിലെ പരിശീലനത്തിന് പുറമെ വീട്ടില്‍ ഹൃതിക്കും കാര്‍ത്തികിനെ പരിശീലിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് ഡിസ്കസ് ത്രോ യോഗ്യതാ റൗണ്ടില്‍ മത്സരിച്ച് ഫൈനലിലേക്ക് യോഗ്യതനേടിയെങ്കിലും മത്സരത്തിനിടെയേറ്റ പരിക്ക് കാരണം കാര്‍ത്തിക് ഇന്ന് നടക്കുന്ന ഫൈനലില്‍ മത്സരിക്കാനിറങ്ങില്ല.
വിതുര അപ്പുലു വീട്ടില്‍ അനീഷ് കെ.എസ്-അശ്വതി എം.ആര് ദമ്പദികളുടെ മക്കളാണ് കാര്‍ത്തികും ഹൃതിക്കും.
ഷോട്ട്പുട്ടില്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ ലയാന് രാജ് 12.61 മീറ്റര്‍ എറിഞ്ഞ് വെള്ളിയും എറണാകുളം മൂര്‍ക്കന്നൂര്‍ സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫനേജിലെ ജീവന് ഷാജു 12.52 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: