റാഞ്ചി: മാർഗ നിർദേശമില്ലാത്ത മിസൈൽ പോലെയാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ അവസ്ഥയെന്നും അമ്മ സോണിയ ഗാന്ധി അദ്ദേഹത്തെ പരിശീലിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. റാഞ്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി രാഹുലിനെ രൂക്ഷമായി വിമർശിച്ചത്.
ഗോത്രവർഗക്കാരെയും ദളിതരെയും ഒബിസികളെയും വിഭജിക്കാൻ രാഹുൽ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ജാർഖണ്ഡിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് കോ-ഇൻചാർജ് കൂടിയായ ശർമ്മ സംസ്ഥാനത്തെ ആദിവാസികളുടെ സുരക്ഷയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.
മണിപ്പൂരിലെ ഗോത്രവർഗക്കാരെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ ഭീഷണിയാണ് ജാർഖണ്ഡിലെ ആദിവാസികൾ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ ഗോത്രവർഗ്ഗക്കാരുടെ എണ്ണം വർധിക്കുമ്പോൾ ബംഗ്ലാദേശികളുടെ വ്യാപകമായ നുഴഞ്ഞുകയറ്റം കാരണം ജാർഖണ്ഡിൽ ആദിവാസികളുടെ എണ്ണം കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റ ബാധിത പ്രദേശങ്ങളായ ഭോഗ്നാദിഹ്, ഗൈബത്താൻ തുടങ്ങിയ പ്രദേശങ്ങൾ രാഹുൽ ഗാന്ധി ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ രാഹുൽ ഗാന്ധി ജാർഖണ്ഡിൽ എത്തിയെങ്കിലും നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ആദിവാസി വിരുദ്ധനും ഒബിസി വിരുദ്ധനുമാണ്. അദ്ദേഹത്തിന്റെ ഇൻഡി സഖ്യ സർക്കാർ ഒബിസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ശർമ്മ പറഞ്ഞു.
അതേ സമയം രാഹുൽ ഗാന്ധിയെ ആരും ഗൗരവമായി എടുക്കുന്നില്ല. തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ട എന്നത് ജാർഖണ്ഡിൽ ജെഎംഎം സർക്കാരിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ‘മിട്ടി, ബേട്ടി, റൊട്ടി’ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നതിലാണെന്നും ശർമ്മ കൂട്ടിച്ചേർത്തു.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 13, 20 തീയതികളിൽ നടക്കുന്നത്. നവംബർ 23 ന് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: