Main Article

രത്തന്‍ ടാറ്റ: തലമുറകള്‍ സ്മരിക്കുന്ന മാനവ ഹൃദയം

രത്തന്‍ ടാറ്റ വിട പറഞ്ഞിട്ട് ഒരു മാസം

Published by

നരേന്ദ്ര മോദി
പ്രധാനമന്ത്രി

ത്തന്‍ ടാറ്റ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരുമാസം. തിരക്കേറിയ നഗരങ്ങളും പട്ടണങ്ങളും മുതല്‍ ഗ്രാമങ്ങളില്‍ വരെ, അദ്ദേഹത്തിന്റെ അഭാവം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ആഴത്തില്‍ അനുഭവപ്പെടുന്നു. പരിചയസമ്പന്നരായ വ്യവസായികളും വളര്‍ന്നുവരുന്ന സംരംഭകരും കഠിനാധ്വാനികളായ പ്രൊഫഷണലുകളുമെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും അര്‍പ്പണബോധമുള്ള ജീവകാരുണ്യ പ്രവര്‍ത്തകരും ഒരുപോലെ ദു:ഖിതരാണ്. അദ്ദേഹത്തിന്റെ അഭാവം രാജ്യത്തെ മാത്രമല്ല, ലോകത്തെയാകെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്.
യുവാക്കള്‍ക്ക്, രത്തന്‍ ടാറ്റ പ്രചോദനമായിരുന്നു. സ്വപ്‌നങ്ങള്‍ പിന്തുടരുന്നത് അമൂല്യമാണെന്നും വിജയത്തിനൊപ്പം അനുകമ്പയും വിനയവും സഹവര്‍ത്തിക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതം ഓര്‍മപ്പെടുത്തി. മറ്റുള്ളവര്‍ക്ക്, അദ്ദേഹം ഇന്ത്യന്‍ സംരംഭകത്വത്തിന്റെ ഏറ്റവും മികച്ച പാരമ്പര്യങ്ങളെയും സമഗ്രത, മികവ്, സേവനം എന്നീ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിനിധാനം ചെയ്യുന്ന വ്യക്തിയായിരുന്നു. രത്തന്‍ ടാറ്റായുടെ നേതൃത്വത്തില്‍, ആദരവും സത്യസന്ധതയും വിശ്വാസ്യതയും ഉള്‍ക്കൊണ്ട്, ലോകമെമ്പാടും ടാറ്റ ഗ്രൂപ്പ് പുതിയ ഉയരങ്ങളിലേക്കു കുതിച്ചു. എന്നിരുന്നാലും തന്റെ നേട്ടങ്ങള്‍ ചെറിയ കാര്യങ്ങളാണെന്ന തരത്തില്‍, വിനയാന്വിതനായും കരുണാര്‍ദ്രനായുമാണ് അദ്ദേഹം നിലകൊണ്ടിരുന്നത്.

മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്കു രത്തന്‍ ടാറ്റ നല്‍കിയ അചഞ്ചലമായ പിന്തുണയാണ് അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ഗുണങ്ങളില്‍ പ്രധാനപ്പെട്ടത്. അടുത്തകാലത്ത്, ഭാവിയില്‍ വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കാനുതകും വിധത്തില്‍ നിരവധി സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയ ഇന്ത്യയുടെ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയ്‌ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തി. യുവസംരംഭകരുടെ പ്രതീക്ഷകളും വികസനമോഹങ്ങളും മനസ്സിലാക്കുകയും ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തിരിച്ചറിയുകയും ചെയ്തു. അവരുടെ ശ്രമങ്ങളെ പിന്തുണച്ച്, ധൈര്യപൂര്‍വം ഉത്തരവാദിത്തം ഏറ്റെടുക്കാനും അതിരുകള്‍ മറികടക്കാനും പ്രേരണയേകി, സ്വപ്‌നം കാണാന്‍ ഒരു തലമുറയെ അദ്ദേഹം പ്രാപ്തരാക്കി. നൂതനാശയത്തിന്റെയും സംരംഭകത്വത്തിന്റെയും സംസ്‌കാരം സൃഷ്ടിക്കുന്നതില്‍ ഇതു വളരെയേറെ സഹായകമായി. വരും ദശകങ്ങളിലും ഇക്കാര്യം ഭാരതത്തെ ഗുണകരമായി സ്വാധീനിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ഭാരതീയ സംരംഭങ്ങളെ പ്രേരിപ്പിച്ച്, മികവിനായി അദ്ദേഹം നിരന്തരം വാദിച്ചു. ഈ കാഴ്ചപ്പാട്, നമ്മുടെ രാജ്യത്തെ ലോകോത്തര നിലവാരത്തിന്റെ പര്യായമാക്കാന്‍ നമ്മുടെ ഭാവിനേതാക്കളെ പ്രചോദിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

അദ്ദേഹത്തിന്റെ മഹത്വം സമ്മേളനമുറികള്‍ക്കുള്ളിലോ സഹജീവികളെ സഹായിക്കുന്നതിലോ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ കരുണ എല്ലാ ജീവജാലങ്ങളിലേക്കും വ്യാപിച്ചു. മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്നേഹം ഏവര്‍ക്കും സുപരിചിതമായിരുന്നു. മാത്രമല്ല, മൃഗസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സാധ്യമായ എല്ലാ ശ്രമങ്ങളെയും പിന്തുണച്ചു. ഏതൊരു വ്യവസായ സംരംഭത്തെയുംപോലെ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന നായ്‌ക്കളുടെ ചിത്രങ്ങള്‍ അദ്ദേഹം പലപ്പോഴും പങ്കിട്ടു. ഒരാളുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയല്ല; മറിച്ച്, ഏറ്റവും ദുര്‍ബലരായവരെ പരിപാലിക്കാനുള്ള ആ വ്യക്തിയുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് യഥാര്‍ഥ നേതൃപാടവം വിലയിരുത്തുന്നതെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെയെല്ലാം ഓര്‍മിപ്പിക്കുന്നു.

കോടിക്കണക്കിന് ഭാരതീയരെ സംബന്ധിച്ചിടത്തോളം, രത്തന്‍ ടാറ്റയുടെ ദേശസ്നേഹം പ്രതിസന്ധി ഘട്ടങ്ങളിലാണ് ഏറ്റവും തിളങ്ങിയത്. 26/11 ഭീകരാക്രമണത്തിനു ശേഷം മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടല്‍ അദ്ദേഹം അതിവേഗം വീണ്ടും തുറന്നത്, ഭീകരവാദത്തിനു വഴങ്ങാന്‍ വിസമ്മതിച്ച് ഭാരതം ഒറ്റക്കെട്ടായി നിലകൊള്ളുന്നു എന്ന രാഷ്‌ട്രത്തോടുള്ള ആഹ്വാനമായിരുന്നു.

വ്യക്തിപരമായി പറഞ്ഞാല്‍, വര്‍ഷങ്ങളായി അദ്ദേഹത്തെ വളരെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. ഗുജറാത്തില്‍ ഞങ്ങള്‍ വളരെയടുത്തു പ്രവര്‍ത്തിച്ചു. അവിടെ അദ്ദേഹം വളരെയധികം നിക്ഷേപങ്ങള്‍ നടത്തി. പല പദ്ധതികളിലും ഏറെ ആവേശഭരിതനായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, സ്പെയിന്‍ പ്രസിഡന്റ് പെദ്രോ സാഞ്ചസിനൊപ്പം ഞാന്‍ വഡോദരയില്‍ എത്തിയിരുന്നു. ഞങ്ങള്‍ സംയുക്തമായി സി-295 വിമാനങ്ങള്‍ ഭാരതത്തില്‍ നിര്‍മിക്കുന്ന വിമാനനിര്‍മാണസമുച്ചയം ഉദ്ഘാടനം ചെയ്തു. രത്തന്‍ ടാറ്റയാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ അസാന്നിധ്യം അവിടെ പ്രകടമായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ.

രത്തന്‍ ടാറ്റ എഴുതിയ കത്തുകളെ കുറിച്ചും ഞാന്‍ ഓര്‍ക്കുന്നു. ഭരണപരമായ കാര്യമോ, സര്‍ക്കാരിന്റ പിന്തുണയ്‌ക്കു നന്ദി അറിയിക്കുന്നതോ, തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്കുശേഷം അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോ ഏതുമാകട്ടെ, വിവിധ വിഷയങ്ങളില്‍ അദ്ദേഹം എനിക്കു പതിവായി എഴുതുമായിരുന്നു.

ഞാന്‍ കേന്ദ്രത്തിലേക്കു വന്നപ്പോഴും ഞങ്ങളുടെ വളരെയടുത്ത ആശയവിനിമയം തുടര്‍ന്നുപോന്നു. നമ്മുടെ രാഷ്‌ട്രനിര്‍മാണ പ്രയത്നങ്ങളില്‍ പ്രതിബദ്ധതയുള്ള പങ്കാളിയായി അദ്ദേഹം തുടര്‍ന്നു. ശുചിത്വഭാരതയജ്ഞത്തിനു രത്തന്‍ ടാറ്റ നല്‍കിയ പിന്തുണ എന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ്. വൃത്തിയും ശുചിത്വവും ശുചീകരണ നടപടികളും രാജ്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കിയ അദ്ദേഹം, ഈ ബഹുജന പ്രസ്ഥാനത്തിന്റെ വക്താവായി. ശുചിത്വഭാരതയജ്ഞത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്, ഒക്ടോബറിന്റെ തുടക്കത്തില്‍ അദ്ദേഹം നല്‍കിയ ഹൃദയംഗമമായ വീഡിയോ സന്ദേശം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പൊതുജനങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകളില്‍ ഒന്നായിരുന്നു അത്.

ആരോഗ്യസംരക്ഷണവും, പ്രത്യേകിച്ച് അര്‍ബുദത്തിനെതിരായ പോരാട്ടവുമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്ന മറ്റൊരു കാര്യം. രണ്ടുവര്‍ഷം മുമ്പ് അസമില്‍ ഞങ്ങള്‍ സംയുക്തമായി വിവിധ അര്‍ബുദ ആശുപത്രികള്‍ ഉദ്ഘാടനം ചെയ്തു. അവസാന വര്‍ഷങ്ങള്‍ ആതുരസേവനത്തിനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അന്നത്തെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യസംരക്ഷണവും അര്‍ബുദപരിചരണവും പ്രാപ്യവും, കുറഞ്ഞ ചെലവിലുമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ രോഗങ്ങളോടു മല്ലിടുന്നവരോടുള്ള അഗാധമായ സഹാനുഭൂതിയില്‍ വേരൂന്നിയതാണ്. നീതിയുക്തമായ സമൂഹം അങ്ങേയറ്റം കരുതല്‍ വേണ്ടവര്‍ക്കൊപ്പമാണു നില്‍ക്കേണ്ടതെന്നു വിശ്വസിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ.

ഇന്നു നാം അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍, അദ്ദേഹം വിഭാവനം ചെയ്ത സമൂഹത്തെയാണ് അനുസ്മരിക്കുന്നത്. വ്യവസായം, നന്മയ്‌ക്കുള്ള ശക്തിയായി വര്‍ത്തിക്കുന്ന ഇടമാണത്; ഓരോ വ്യക്തിയുടെയും കഴിവുകള്‍ വിലമതിക്കുന്ന ഇടമാണത്; ഏവരുടെയും ക്ഷേമത്തിലും സന്തോഷത്തിലുമാണ് പുരോഗതിയെന്നു വിശ്വസിക്കുന്ന ഇടമാണത്. അദ്ദേഹം സ്പര്‍ശിച്ച ജീവിതങ്ങളിലൂടെയും പരിപാലിച്ച സ്വപ്‌നങ്ങളിലൂടെയും രത്തന്‍ ടാറ്റ ജീവിക്കുന്നു. ഭാരതത്തെ മെച്ചപ്പെട്ടതും കരുണാര്‍ദ്രവും പ്രതീക്ഷാനിര്‍ഭരവുമായ ഇടമാക്കി മാറ്റിയതിനു തലമുറകള്‍ അദ്ദേഹത്തോടു കടപ്പെട്ടിരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by