Kerala

മതങ്ങളുടെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ്, ഡിജിപിയ്‌ക്ക് റിപ്പോര്‍ട്ട് കൈമാറി, ഹാക്കിംഗ് സ്ഥിരീകരിച്ചില്ല

Published by

തിരുവനന്തപുരം: മതങ്ങളുടെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിയ്‌ക്ക് റിപ്പോര്‍ട്ട് കൈമാറി.ഹാക്കിംഗ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനായിരുന്ന വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോര്‍മാറ്റ് ചെയ്താണ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറിയത്.

ഫോറന്‍സിക്ക് പരിശോധനയിലും ഹാക്കിംഗ് തെളിഞ്ഞില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിംഗ് സാധ്യത തള്ളി. ഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തും.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കെ ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെയെന്ന മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് മുഴുവന്‍ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാല്‍ വിശദാംശങ്ങളെടുക്കാന്‍ സൈബര്‍ പൊലീസിന് കഴിഞ്ഞില്ല.

മതവിഭാഗങ്ങളെ വേര്‍തിരിച്ച് പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സര്‍വീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്‌സ്, മല്ലു മുസ്ലിം ഓഫീസേഴ്‌സ് തുടങ്ങിയ പേരില്‍ വന്ന ഗ്രൂപ്പുകള്‍ തന്റേതല്ലെന്നും തന്റെ ഫോണില്‍ ഹാക്കിംഗ് നടന്നെന്നുമായിരുന്നു വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഹിന്ദു ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന കെ ഗോപാലകൃഷ്ണന്‍ തന്നെയായിരുന്നു മല്ലു മുസ്ലിം ഓഫീസേഴ്‌സ് ഗ്രൂപ്പിന്റെയും അഡ്മിന്‍.എന്നാല്‍ മുസ്ലീം ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥ ഇതിന് പിന്നിലെ അപകടം ചൂണ്ടിക്കാട്ടിയതോടെ ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്തിരുന്നു.താന്‍ അറിഞ്ഞല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും ഹാക്കിംഗ് നടന്നുവെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക