കൊച്ചി: സംസ്ഥാന സ്കൂള്‍ മീറ്റിന്റെ പോള്‍വാള്‍ട്ടില്‍ 12 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് മറികടന്ന് എറണാകുളത്തിന്റെ ശിവദേവ് രാജീവ്. 4.80 മീറ്റര്‍ ഉയരം മറികടന്നാണ് കോതമംബലം മാര്‍ബേസില്‍ സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ശിവദേവ് പുതിയ റിക്കാര്‍ഡ് കുറിച്ചത്. 2012ല്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിനായി എറണാകുളത്തിന് വേണ്ടി മത്സരിച്ച വിഷ്ണു ഉണ്ണി സ്ഥാപിച്ച 4.50 മീറ്റര്‍ ഉയരമാണ് ഇന്നലത്തെ സായാഹ്നത്തോടെ ശിവദേവ് മറികടന്നത്. ഒരേ സ്കൂളില്‍ ഒരേ കോച്ചിന് കീഴില്‍ പരിശീലിച്ച് വന്ന സഹപാഠി മാധവ്.ഇ.കെ ആണ് റിക്കാഡ് നേട്ടം മറികടക്കാന്‍ ശിവദേവിനൊപ്പം പൊരുതിയെങ്കിലും 4.40 മീറ്റര്‍ വരെയെ ചാടിയുള്ളൂ.
ഉച്ചയ്ക്ക് രണ്ട് മുതല്‍ ആരംഭിച്ച സീനിയര്‍ ബോയ്സ് പോള്‍വാള്‍ട്ട് മത്സരത്തില്‍ 3.90 മീറ്റര്‍ മുതലാണ് ശിവദേവ് മത്സരിക്കാന്‍ തുടങ്ങിയത്. അതുവരെ മത്സരിച്ച താരങ്ങളെയെല്ലാം നിഷ്പ്രഭരാക്കി ആദ്യ ശ്രമത്തില്‍ തന്നെ 3.90 മീറ്റര്‍ അനായാസം മറികടക്കുന്ന ശിവദേവിനെയാണ് കണ്ടത്. മത്സരം നടന്നുകൊണ്ടിരിക്കെ 4.10 മീറ്ററിലേക്ക് മത്സരഗതി ഉയര്‍ന്നപ്പോള്‍ മാധവ് മത്സരിക്കാനെത്തി. ആദ്യശ്രമത്തില്‍ തന്നെ മാധവും അനായാസം ലക്ഷ്യം കണ്ടു. പിന്നെ ബാക്കി താരങ്ങളെയെല്ലാം ബഹുദൂരം് പിന്നിലാക്കി ഇരുവരും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്ച്ചയാണ് കണ്ടത്. 4.20, 4.30, മീറ്ററുകളിലേക്ക് ക്രോസ് ബാറുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ഇരുവരും ആദ്യ ശ്രമത്തില്‍ തന്നെ നിസ്സാരമെന്നോണം ചാടിക്കടന്ന് മുന്നേറി. ഈ സമയം മത്സരിച്ച മറ്റ് താരങ്ങള്‍ ഒരുവിധത്തില്‍ പൊരുതി മത്സരം അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ 4.40 മീറ്ററിലേക്കുള്ള ശ്രമത്തില്‍ മത്സരിക്കാന്‍ ശിവദേവും മാധവും മാത്രമായി. ഈ ഉയരത്തിലും ഇരുവരും നിഷ്പ്രയാസം ആദ്യശ്രമത്തില്‍ തന്നെ ഫിനിഷ് ചെയ്തു. ഈസമയം മഹാരാജാസ് ഗ്രൗണ്ടിലെ കാഴ്ച്ചക്കാരുടെയാകെ ശ്രദ്ധ ഇവരിലേക്ക് ആകര്ഷിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
തൊട്ടടുത്ത പോയിന്റ് 4.50 മീറ്റ് റിക്കാര്‍ഡ് ഘട്ടമാണെന്നിരിക്കെ ഇരുവര്‍ക്കും ഫ്രീപാസ് അനുവദിച്ചു. പിന്നീട് നല്‍കിയത് റിക്കാര്‍ഡ് ബ്രേക്കിങ്ങിനുള്ള 4.55 മീറ്റര്‍ ആണ്. ശിവദേവ് മുന്ശ്രമങ്ങളിലേത് പോലെ അനായാസം ആദ്യശ്രമത്തില്‍ പുതിയ റിക്കാര്‍ഡ് തന്റെ പേരില്‍ കുറിച്ചു. പക്ഷെ കൂട്ടുകാരന് മാധവ് മൂന്ന് ശ്രമങ്ങളെടുത്തെങ്കിലും ഫലം കണ്ടില്ല. തന്റെ പരമാവധി പ്രകടനം 4.40 മീറ്ററായി വിധികര്‍ത്താക്കള്‍ക്ക് നിശ്ചയിക്കേണ്ടിവന്നു. താരം പുറത്തായി. പിന്നീട് ശിവദേവിന്റെ മത്സരം തന്നോടു തന്നെയായി. ഉയരപരിധി ശിവദേവ് സ്വയം നിശ്ചയിച്ചു. കോച്ചുമായി ആശയവിനിമയം നടത്തി. 4.62ലേക്ക് വാള്‍ട്ട് ഉയര്‍ത്തി. ഈ സമയം ദേശീയ റിക്കാര്‍ഡ് പ്രകടനം 4.61 മീറ്റര്‍ ആണെന്ന സ്ഥിരീകരണില്ലാത്ത അടക്കം പറച്ചിലുകള്‍ പരന്നു. പക്ഷെ 4.62 മീറ്ററും ആദ്യ ശ്രമത്തില്‍ അനായാസം ചാടിക്കടന്ന് ശിവദേവ് ആഹ്ലാദത്തിമിര്‍പ്പിലായി. പിന്നീട് ക്രോസ് ബാര്‍ 4.70ലേക്ക് ഉയര്‍ത്തി. ഓരോ ഘട്ടത്തിലും മൂന്ന് അവസരങ്ങളാണുള്ളത്. മൂന്നാം അവസരത്തില്‍ ശിവദേവ് ആ കടമ്പയും താണ്ടി. കൊച്ചുമായുള്ള ആശയവിനിമയം വീണ്ടും. ക്രോസ് ബാര്‍ ഉയര്ത്തിവെപ്പിച്ചത് 4.80 മീറ്ററിലേക്ക്. അതും അനായാസം കടന്ന് താരം മീറ്റ് റിക്കാഡിനെ പുതിയ തലത്തിലേക്ക് ഉര്‍ത്തി. ഒടുവില്‍ അഞ്ച് മീറ്റര്‍ എന്ന നാഴിലകല്ലിലേക്ക് ക്രോസ് ബാര്‍ ഉര്ത്തിവയ്പ്പിക്കാന് കോച്ച് ആവശ്യപ്പെട്ടു. മൂന്ന് ശ്രമത്തിലും അഞ്ച് മീറ്റര്‍ മറികടക്കാന്‍ ശിവദേവിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: