പത്തനംതിട്ട: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് വന്‍തോതില്‍ പിന്‍വാതില്‍ നിയമനം. എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 26 ലക്ഷത്തിലേറെപ്പേര്‍ തൊഴിലില്ലാതെ അലയുമ്പോള്‍ എട്ടു വര്‍ഷത്തെ ഭരണത്തില്‍ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതില്‍ നിയമനം നല്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 33,000 ഒഴിവുകളാണ് താത്ക്കാലിക അടിസ്ഥാനത്തില്‍ വരുന്നത്. ഇതില്‍ മൂന്നിലൊന്നില്‍ മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നത്. ബാക്കി 22,000 ഒഴിവുകള്‍ സിപിഎം, ഡിവൈഎഫ്‌ഐക്കാര്‍ക്കും ബന്ധുക്കള്‍ക്കും വീതം വയ്‌ക്കുകയാണെന്നാണ് ആക്ഷേപം. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ പരിശോധനയിലും ഈ ചട്ടലംഘനം തെളിഞ്ഞിരുന്നു. പിഎസ്സി നിയമന നടപടികള്‍ തുടങ്ങാത്ത സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഒഴിവുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നാണ് ചട്ടം. ഇത് കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്വന്തക്കാരെ തിരുകി കയറ്റുന്നത്.
വന്‍തോതില്‍ ഒഴിവ് വരുന്ന പൊതുവിദ്യാഭ്യാസം പോലുള്ള വകുപ്പുകളില്‍ വിരലിലെണ്ണാവുന്ന നിയമനം മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടക്കുന്നത്. വര്‍ഷം 11,000 ഒഴിവുകള്‍ വരുന്ന ഈ വകുപ്പില്‍ 110 വേക്കന്‍സികളില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടന്നത്. ബാക്കി പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വീതം വയ്‌ക്കുകയായിരുന്നു. അടുത്തിടെ കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ 3000 ഫീല്‍ഡ് സ്റ്റാഫ് ഒഴിവില്‍ ഒരു മാനദണ്ഡവും പാലിക്കാതെ പാര്‍ട്ടിക്കാരെ മാത്രമാണ് നിയമിച്ചത്. കെഎസ്ആര്‍ടിസിയില്‍ എട്ട് വര്‍ഷമായി കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ശബരിമല-ക്രിസ്മസ് അവധിക്കാല സര്‍വീസിനായി ഡ്രൈവര്‍മാരെയും മെക്കാനിക്കുകളെയും നിയമിക്കാന്‍ ജില്ലാതലത്തില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2013ലെ പിഎസ്‌സി ലിസ്റ്റില്‍പ്പെട്ട അഡൈ്വസ്ഡ് ഡ്രൈവര്‍ പട്ടികയില്‍പ്പെട്ടവര്‍ നല്കിയ കേസ് ഹൈക്കോടതിയില്‍ നടക്കുന്നതിനാലാണ് താത്ക്കാലിക നിയമനം എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
എന്നാല്‍ വരാനിരിക്കുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണ്ടുള്ള നിയമനം ആണെന്ന് ചില സര്‍വീസ് സംഘടനകള്‍ തന്നെ ആരോപിക്കുന്നു. 2023ല്‍ ശബരിമല സ്‌പെഷല്‍ സര്‍വീസിന് വേണ്ടി നിയമിച്ചവരെ ഇതുവരെ പിരിച്ചു വിട്ടിട്ടില്ല. 2024ല്‍ 1,400 ജീവനക്കാര്‍ വിരമിച്ചിട്ടും പുതിയ നിയമനം നടത്തിയിട്ടില്ല. അടുത്ത മാര്‍ച്ച,് മെയ് മാസങ്ങളില്‍ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങളില്‍ ആയിരത്തോളം ജീവനക്കാര്‍ കൂടി വിരമിക്കും. ഈ ഒഴിവിലേക്ക് നിലവില്‍ കേസ് കൊടുത്തിരിക്കുന്നവരെ പരിഗണിക്കാതിരിക്കാനാണ് സ്‌പെഷല്‍ സര്‍വീസ് എന്ന പേരില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചതെന്നും പിന്‍വാതില്‍ നിയമനം നടത്താനാണ് ശ്രമമെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക