ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്തായ ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവില്‍ ചൈന വിട്ട് ഇന്ത്യയിലേക്ക് ഇനി ആഗോളകമ്പനികള്‍ ഒഴുകുമെന്ന് റിപ്പോര്‍ട്ട്. ചൈനയ്ക്ക് പകരം മറ്റൊരു രാജ്യത്തെ(ചൈന പ്ലസ് വണ്‍) തേടുന്ന ആഗോളകമ്പനികള്‍ ഇനി മോദിയുടെ ഇന്ത്യയിലേക്ക് തിരിയുമെന്ന് കരുതുന്നു. അതിന്റെ മുന്‍സൂചനയായി ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രഖ്യാപിക്കപ്പെട്ട ബുധനാഴ്ച ഇന്ത്യയിലെ ഓഹരി വിപണി കുതിച്ചുയര്‍ന്നു. ഏകദേശം ആയിരം പോയിന്റുകളോളമാണ് ഉയര്‍ന്നത്. ഐടി മുതല്‍ ലോഹം വരെയുള്ള കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നു.
ഡൊണാള്‍ഡ് ട്രംപ് പൊതുവേ ഒരു മോദി അനുകൂല യുഎസ് പ്രസിഡന്റാണ്. മോദിയാകട്ടെ സേവനമേഖലയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്ത്യയെ ഒരു ഉല്പാദന രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി മൊബൈല്‍ഫോണ്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, സെമികണ്ടക്ടര്‍ ചിപുകള്‍ തുടങ്ങി നിരവധി ഉല്പന്നങ്ങള് നിര്‍മ്മിക്കാനുള്ള ചുവടുവെയ്പിലാണ് ഇന്ത്യ. ഇപ്പോള്‍ തന്നെ ആപ്പിള്‍ അവരുടെ ഐഫോണ്‍ നിര്‍മ്മാണത്തിന്റെ ഒരു പങ്ക് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ചിപ് നിര്‍മ്മാണകേന്ദ്രമായ ചൈനയ്ക്ക് പകരം തായ് വാനിലേയും ജപ്പാനിലേയും കമ്പനികളെ കൂട്ടുപിടിച്ച് ഇന്ത്യ ചിപുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ടാറ്റ ഉള്‍പ്പെടെയുള്ള വന്‍ കോര്‍പറേറ്റുകളുടെ പിന്തുണയും മോദി സര്‍ക്കാര്‍ നേടിയിട്ടുണ്ട്. ഇലക്ട്രോണിക്സ് നിര്‍മ്മാണരംഗത്ത് ഇന്ത്യ കുതിക്കുകയാണ്.
ഇലക്ട്രിക് കാര്‍ രംഗത്തെ ഭീമനായ ടെസ് ല കാറിന്റെ ഉല്പാദനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കുറച്ചുനാളുകളായി മോദി സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഇലോണ്‍ മക്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടെസ് ല കാര്‍ കമ്പനി. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി വരുന്നതോടെ വൈകാതെ ടെസ് ല ഇന്ത്യയിലേക്കെത്തുമെന്നാണ് പുതിയ വിലയിരുത്തലുകള്‍.
പുനരുപയോഗ ഊര്ജ്ജോല്പാദനരംഗമാണ് ഇന്ത്യ കണ്ണുവെച്ചിട്ടുള്ള മറ്റൊരു മേഖല. കാറ്റ്, വൈദ്യുതി, ഹൈഡ്രജന്‍, സൂര്യന് എന്നിവ ഉപയോഗപ്പെടുത്തി വന്‍തോതില്‍ വൈദ്യുതോര്‍ജ്ജം ഉല്പാദിപ്പിക്കാനുള്ള പാതയില്‍ ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം പുതിയ യുഎസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ സഹായം ഭാവിയില്‍ ഇന്ത്യയ്ക്ക് ഏറെ സഹായകരമാകും. ചൈനയ്ക്ക് പകരം ഇന്ത്യ എന്ന യുഎസിന്റെയും യൂറോപ്പിന്റെയും ആഗ്രഹങ്ങള്‍ക്ക് നിറം പകരാന്‍ ഇന്ത്യയ്ക്കും മോദി സര്‍ക്കാരിനും ഡൊണാള്‍ഡ് ട്രംപ് കരുത്തുപകരും.
മൂന്ന് തവണ മോദി ട്രംപ് സംഗമം
അമേരിക്കയുടെ മണ്ണില്‍, വാഷിംഗ്ടണ്‍ ഡിസിയിലായിരുന്നു 2017ല്‍ മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ആദ്യമായി കൂടിക്കാഴ്ച നടന്നത്. പാകിസ്ഥാന് താക്കീത് നല്‍കിക്കൊണ്ട് തീവ്രവാദത്തിനെതിരായ താക്കീതായിരുന്നു ഈ സമാഗമം. അന്ന് ട്രംപുമായി വൈറ്റ്ഹൗസില്‍ ഡിന്നര്‍ കഴിച്ച ആദ്യ വിദേശ നേതാവ് മോദിയായിരുന്നു.പാകിസ്ഥാനെതിരെയും തീവ്രവാദത്തിനെതിരെയും ശക്തമായ വാക്കുകള്‍ ഉപയോഗിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം ഇന്ത്യയ്ക്കും മോദിക്കും ലോകത്തിന് മുന്നില്‍ കരുത്തേകി.
ഹൗഡി മോഡി
2019ല്‍ യുഎസില്‍ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോഡി പരിപാടിയിലേക്ക് മോദി തന്നെയാണ് ട്രംപിനെ ക്ഷണിച്ചത്. ഇത് ഇരുനേതാക്കളും തമ്മില്‍ യുഎസില്‍ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു. വിദേശത്തെ ഇന്ത്യക്കാര്‍ക്ക് മുന്പില് ട്രംപിനെ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ പരിപാടി വന്‍വിജയമായി. ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായിരുന്നു ഈ കൂടിക്കാഴ്ച.
നമസ്തെ ട്രംപ്
ഇന്ത്യയില്‍ 2020ല്‍ ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനം നടത്തിയപ്പോള്‍ സംഘടിപ്പിച്ച പ്രധാനപരിപാടിയായിരുന്നു നമസ്തെ ട്രംപ്. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അന്ന് ഒരു ലക്ഷം പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. അന്ന് പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് ട്രംപ് പ്രസംഗിക്കുകയും ചെയ്തു.
തീവ്രവാദത്തിനെതിരെ ഇന്ത്യയെ പിന്തുണച്ച ട്രംപ്
ട്രംപിന്റെ ഭരണകാലത്താണ് പാകിസ്ഥാനെതിരെയും അവിടുത്തെ ഭീകരവാദശൃംഖലകള്ക്കെതിരെയും അമേരിക്ക ശക്തമായ നിലപാട് എടുത്തത്. ഇത് മോദിക്ക് അനുഗ്രഹമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: