Kerala

ആര്‍എസ്എസ് പേടിയില്‍ മനോരമ ഓഹരി വില്‍ക്കാന്‍ കെ എം മാത്യു സമ്മതിച്ചില്ല: എസ് ഗുരുമൂര്‍ത്തി

ആശയപ്രചരണത്തിനായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്യം ഉള്ളത്

Published by

കോഴിക്കോട്: മലയാള മനോരമ പത്രത്തിന്റെ ഓഹരി വില്‍ക്കാനുള്ള നിര്‍ദ്ദേശം ചീഫ് എഡിറ്റര്‍ കെ എം മാത്യു നിഷേധിച്ചതിന്റെ കാരണം പറഞ്ഞ് പ്രമുഖ ചിന്തകന്‍ എസ് ഗുരുമൂര്‍ത്തി. ‘വിറ്റാല്‍ ഓഹരികള്‍ ആര്‍എസ്എസുകാരും കമ്മ്യൂണിസ്റ്റുകാരും വാങ്ങിക്കൂട്ടും. കണ്ടത്തില്‍ കുടുംബത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും’ പത്ര ഉടമകളുടെ യോഗത്തില്‍ കെ എം മാത്യു വ്യക്തമാക്കിയതായി ഗുരുമൂര്‍ത്തി പറഞ്ഞു. ‘ജന്മഭൂമി’ സുവര്‍ണ്ണ ജയന്തിയോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വേജ് ബോര്‍ഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പത്രം ഉടമകളുടെ യോഗത്തിലാണ് ശബളം കൂട്ടുന്നതിന്റെ ഭാഗമായി ചെലവ് കൂടുന്നത് പരിഹരിക്കാന്‍ ഓഹരി നിര്‍ദ്ദേശം വെച്ചത്. കെ എം മാത്യുവിന്റെ ശക്തമായ എതിര്‍പ്പ്ുമൂലം നിര്‍ദ്ദേശം നടപ്പിലായില്ല- അന്നത്തെ യോഗത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഗുരൂമൂര്‍ത്തി പറഞ്ഞു.

ആഗോള വല്‍ക്കരണത്തിന്റെ തുടര്‍ച്ച മാധ്യമ മേഖലയുടെ നിലവാരം തകര്‍ത്തതായി എസ് ഗുരുമൂര്‍ത്തി പറഞ്ഞു. പണം മാധ്യമങ്ങളുടെ ആത്മാവ് നഷ്ടപ്പെടുത്തി. എങ്ങനെയും പണം ഉണ്ടാക്കാനുള്ള മാര്‍ഗമായി മാധ്യമ മേഖലയെ കണ്ടതോടെ മൂല്യങ്ങള്‍ ഇല്ലാതായി. മാധ്യമ സ്വാതന്ത്ര്യം എന്നത് നഷ്ടപ്പെടുത്തി. ആശയപ്രചരണത്തിനായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്യം ഉള്ളത്. ആശയം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.

സാമൂഹ്യ മാധ്യമങ്ങള്‍ രാജ്യത്തിന് ഭീഷണി ആയിരിക്കുകയാണ്. ഏതു സര്‍ക്കാറിനേയും തകര്‍ക്കാന്‍ കഴിയുന്ന സംവിധാനമായി അതുമാറി. സത്യമാണോ നുണയാണോ എന്നറിയാതെ വാര്‍ത്ത കൊടുക്കുകയാണ്. ഉദ്ദേശ്യപ്രചാരണം നടത്തുകയാണ്. സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനേക്കാള്‍ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാര്‍ത്തകള്‍ ഉപയോഗിക്കപ്പെടുന്ന അവസ്ഥ. ഇതു പൊതുജനാഭിപ്രായത്തെ അശാസ്ത്രീയമായി സ്വാധീനിക്കുന്നു.എസ് ഗുരുമൂര്‍ത്തി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക