Thiruvananthapuram

സിദ്ധാര്‍ത്ഥന്റെ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് അധ്യാപകസംഘടന നടത്തുന്ന പണപ്പിരിവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണം

മണ്‍പാത്രനിര്‍മാണ സമുദായസഭ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

Published by

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് അധ്യാപകസംഘടന നടത്തുന്ന പണപ്പിരിവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ആറ്റുകാല്‍ ആവശ്യപ്പെട്ടു.

കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നീതി ലഭിക്കുംവരെ കെഎംഎസ്എസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മീഷന്‍ ഗുരുതരമായ കുറ്റം പരാമര്‍ശിച്ച പ്രതികളെ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള സര്‍വകലാശാല ഭരണ സമിതിയുടെ തീരുമാനം ഗവര്‍ണര്‍ തടഞ്ഞെങ്കിലും നടപടി പ്രതിഷേധാര്‍ഹമണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതികള്‍ക്ക് കേസ് നടത്താന്‍ പണപ്പിരിവ് നടത്തുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎംഎസ്എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കലിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സമരവേദിയില്‍ സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബ ജയപ്രകാശും അമ്മാവന്‍ എം.ആര്‍. ഷിബുവും കുടുംബാംഗങ്ങളും പങ്കെടുത്തു.കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടുന്നതുവരെ സംഘടനയുടെ പോരാട്ടത്തില്‍ കൂടെയുണ്ടാകുമെന്ന് ഷീബ ജയപ്രകാശ് സമരമുഖത്ത് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സി.കെ. ചന്ദ്രന്‍, ഭാരവാഹികളായ എം.കെ. ചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ എ.ജി., പി.ടി. രാജന്‍, ലതിക രവീന്ദ്രന്‍, കെ. പീതാംബരന്‍, അനീഷ് ജി. വെമ്പായം, പി.കെ. ജനാര്‍ദ്ദനന്‍, എസ്. സനല്‍കുമാര്‍, ബിനു കുറക്കോട്, കെ.കെ. പ്രതാപന്‍, സനീഷ് ഗോപി, ശിവദാസന്‍ ഇരിങ്ങത്ത്, ശാന്താമാച്ചന്‍, സജിത്ത് തമ്പി, പ്രകാശന്‍ മിത്രക്കരി, വി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. നേരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ച മാര്‍ച്ചില്‍ അഞ്ഞൂറിലധികം സമുദായംഗങ്ങള്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക