കോഴിക്കോട്: ആന്ധ്രയും കര്‍ണ്ണാടകവും തമിഴകവും ചേര്‍ത്തുപിടിക്കുന്ന സൂര്യഗായത്രി എന്ന പാട്ടുകാരി ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷവേദിയിലെത്തുന്നു. കേരളം ഇതുവരെ അറിഞ്ഞനുമോദിക്കാത്ത പാട്ടുകാരിയാണ് കോഴിക്കോട് ജില്ലയിലെ പുറമേരി സ്വദേശിയായ സൂര്യഗായത്രി.
പതിനഞ്ചാം നൂറ്റാണ്ടിലെ തെലുങ്ക് സംന്യാസി അന്നമാചാര്യ എഴുതിയ കീര്‍ത്തനം, സി. രാജഗോപാലാചാരിയുടെ തമിഴ് വരികള്‍ തുടങ്ങിയവ ഇതിനകം യു ട്യൂബില്‍ കേട്ടത് ലക്ഷങ്ങളാണ്. സൂര്യഗായത്രിയുടെ തെലുങ്ക്, തമിഴ് കീര്‍ത്തനങ്ങള്‍ കേട്ടാല്‍ ഈ കലാകാരി മലയാളിയാണെന്ന് ആരും കരുതില്ല. ആസ്വാദകരെ ഭക്തിയിലും സംഗീതത്തിലും ലയിപ്പിക്കുന്ന ഈ അനുഗ്രഹീത കലാകാരിക്ക് കേരളത്തില്‍ അര്‍ഹമായ വേദികള്‍ ലഭിച്ചിട്ടില്ല. പത്താം വയസ്സില്‍ എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പ് നേടിയ ഈ കലാകാരിക്ക് ചെന്നൈ ഭാരത് കലാചാര്‍, മുംബൈ ശ്രീഹരിഹരപുത്ര ഭക്തിഗാന കോകില, ലണ്ടനിലെ രാഗസ്വര രഞ്ജിനിയുടെ രാഗസ്വര പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിരവധി വേദികളില്‍ സംഗീതം അവതരിപ്പിച്ച് ഏറെ പ്രശംസ നേടിയിട്ടുണ്ട്. വിജ്ഞാനോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ നവംബര്‍ അഞ്ചിന് വൈകിട്ട് ഏഴിനാണ് സൂര്യഗായത്രിയുടെ സംഗീതസന്ധ്യ.
വൈദേശിക അധിനിവേശത്തിനെതിരെ വയനാടന്‍ മലനിരകളില്‍ പോരാടി വീരബലിദാനിയായ പഴശ്ശി രാജാവിന്റെ വലംകൈയായ ഗോത്രവര്‍ഗ പോരാളി തലക്കര ചന്തുവിന്റെ ജീവിതഗാഥ സുവര്‍ണ്ണജൂബിലി വേദിയില്‍ തപസ്യ നാടകമായി അവതരിപ്പിക്കുന്നു. ആരണ്യപര്‍വം എന്ന ചരിത്ര നാടകം വിവിധ സംസ്ഥാനങ്ങളിലെ അരങ്ങുകളില്‍ ഏറെ പ്രശംസയേറ്റുവാങ്ങിക്കഴിഞ്ഞു. ആര്.കെ. രവിവര്‍മ്മയുടെ രചനയില്‍ പ്രശസ്ത സംവിധായകന് ശശിനാരായണനാണ് നാടകം ഒരുക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷ ആഘോഷത്തോടനുബന്ധിച്ചാണ് തപസ്യ കലാസാഹിത്യവേദി ഈ നാടകം രംഗത്തെത്തിച്ചത്. നാഗ്പൂര്‍, ഭിലായി എന്നിവിടങ്ങളില്‍ നടന്ന ദേശീയ നാടകോത്സവങ്ങളില്‍ ആരണ്യപര്വത്തിന് പ്രക്ഷേക പ്രശംസ ലഭിച്ചിട്ടുണ്ട്. എം.സി. രാജീവ് കുമാര്‍, ബിജു നാരായണന്, ശ്രീകല, രമാദേവി, കാര്ത്തികേയന് തുടങ്ങി ഇരുപതോളം കലാകാരന്മാരാണ് ആരണ്യ പര്‍വം രംഗത്തവതരിപ്പിക്കുന്നത്. സുബ്രന് രംഗപടവും പ്രേംകുമാര്‍ വടകര സംഗീതവും നിര്‍വ്വഹിച്ച നാടകം ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്. നവംബര്‍ ആറിന് വൈകിട്ട് 6.30 നാണ് നാടകം കാലിക്കറ്റ് ട്രേഡ് സെന്ററിലെ ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷവേദിയില്‍ അവതരിപ്പിക്കുന്നത്.
കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ദേശീയതല ഉദ്ഘാടനം മൂന്നിന് വൈകിട്ട് നാലിന് കേന്ദ്ര റെയില്‍വെ, വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് നിര്‍വ്വഹിക്കും. മൂന്നു മുതല്‍ 7 വരെ ട്രേഡ് സെന്ററില്‍ വിജ്ഞാനോത്സവമെന്ന പ്രദര്‍ശനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: