മധുര: ശരിയത്ത് കൗണ്‍സില്‍ സ്വകാര്യ സ്ഥാപനമാണെന്നും കോടതിയല്ലെന്നും മദ്രാസ് ഹൈക്കോടതി. ഡോക്ടര്‍മാരായ മുസ്ലിം ദമ്പതിമാരുടെ വിവാഹമോചനം സംബന്ധിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിരീക്ഷണം.
2010 ലാണ് ഇരുവരും വിവാഹിതരായത്. 2017 ല്‍ തമിഴ്നാട്ടിലെ ശരിയത്ത് കൗണ്‍സിലായ തൗഹീദ് ജമാഅത്ത് ഭര്‍ത്താവിന്റെ ആവശ്യപ്രകാരം വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്കി. കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഉപകരിക്കുമെങ്കിലും നിയമപരമായ വിവാഹ മോചന സര്‍ട്ടിഫിക്കറ്റിന് പകരം ഉപയോഗിക്കാനോ നഷ്ടപരിഹാരം ലഭ്യമാക്കാനോ ഇതുപയോഗിച്ച് കഴിയില്ലെന്ന് കോടതി പറഞ്ഞു.
കൗണ്‍സില്‍ ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിക്കുകയും അതേസമയം ഭാര്യയെ നടപടിയുമായി സഹകരിക്കാത്തതിന് കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. ”സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കോടതികള്‍ക്ക് മാത്രമേ വിധി പ്രസ്താവിക്കാന്‍ കഴിയൂ. ശരിയത്ത് കൗണ്‍സില്‍ ഒരു സ്വകാര്യ സ്ഥാപനമാണ്, കോടതിയല്ല,” ജസ്റ്റിസ് ജെ.ആര്. സ്വാമിനാഥന് പറഞ്ഞു.
ഭര്‍ത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയിട്ടില്ലെന്ന് വാദിച്ച ഭാര്യ നേരത്തെ ഗാര്‍ഹിക പീഡന പരാതിയുമായി തിരുനെല്‍വേലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഭാര്യക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരവും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പരിപാലനത്തിനായി പ്രതിമാസം 25,000 രൂപയും നല്‍കണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ ഭര്‍ത്താവ് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: