Kerala

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം; ബിജെപി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം, ജലപീരങ്കി പ്രയോഗം

Published by

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം. കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. റോഡില്‍ കുത്തിയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ ഉള്‍പ്പടെയാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ബിജെപി സംയുക്ത മോർച്ചകളുടെ മാർച്ചിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ പങ്കെടുത്തിരുന്നു. എസ്പി ഓഫീസിനു മുന്നിലെത്തിയ പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇത് സംഘർഷത്തിൽ കലാശിച്ചതോടെ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു പോലീസ്. അഡ്വ. കെ.പി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിലെ പ്രധാന റോഡ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചു നീക്കി. വനിതാ പ്രവർത്തകരെ അടക്കം ബലംപ്രയോഗിച്ചു നീക്കാൻ ശ്രമിച്ചു.

തുടർന്ന് പ്രകാശ്ബാബുവിനെയും ഹരിദാസനെയും റോഡിൽ വലിച്ചിഴച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പ്രവർത്തകർ പോലീസ് ജീപ്പ് തടഞ്ഞു. പ്രകാശ് ബാബുവിനെയും ഹരിദാസനെയും വിട്ടയച്ചതോടെയാണ് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള പ്രതിഷേധം അവസാനിച്ചത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗവേഷണമാണ് സിപിഎം നടത്തുന്നതെന്ന് പ്രകാശ് ബാബു ആരോപിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി നല്‍കിയില്ല. കേസ് അട്ടിമറിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയതിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലും ദുരൂഹതയുണ്ട്. നീതി ഉറപ്പാക്കാന്‍ ബിജെപി ശ്രമിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by