ആലപ്പുഴ: പീഡനപരാതിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുത്ത സിഐയ്ക്ക് സ്ഥലമാറ്റം. ആലപ്പുഴ നോര്‍ത്ത് സിഐയാണ് സ്ഥലം മാറ്റിയത്. മൂന്ന് മാസം മുന്‍പ് ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെ ഹൗസ് ഓഫീസറായി ചുമതലയേറ്റ സിഐ എസ്.സജികുമാറിനെയാണ് എറണാകുളം രാമമംഗലത്തേക്ക് അകാരണമായി സ്ഥലം മാറ്റിയത്. സിപിഎം പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. എം ഇക്ബാലിനെതിരായ പീഡനപരാതിയില്‍ കേസെടുത്തതിലെ പ്രകോപനമാണ് സ്ഥലമാറ്റത്തിന് പ്രധാന കാരണമെന്നാണ് ആക്ഷേപം.
സിപിഎം ബ്രാഞ്ച് അംഗം കൂടിയായ വീട്ടമ്മ പാര്‍ട്ടി ഓഫീസില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നോര്‍ത്ത് സ്റ്റേഷനില്‍ നല്‍കിയിരുന്നു. പരാതിയില്‍ കേസെടുക്കാതിരിക്കാന്‍ ഇന്‍സ്പെക്ടര്‍ക്ക് മേല്‍ സമ്മര്ദ്ദമുണ്ടായെങ്കിലും ഒടുവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പരാതിക്കാരിയുടെ മൊഴിയെടുത്തു. എന്നാല്‍ പ്രതിച്ചേര്‍ക്കപ്പെട്ട ഇക്ബാലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. സമരത്തിനിടെ സിപിഎം, സിപിഐ നേതാക്കളെ മര്‍ദ്ദിച്ചെന്ന ആരോപണവും വിവാദമായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് കുടിവെള്ള പ്രശ്നം ആരോപിച്ച് വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് ആര്യാട് ഗ്രാമപഞ്ചായത്തിലെ സിപിഎം-സിപിഐ പഞ്ചായത്തംഗങ്ങള്‍ ധര്‍ണ നടത്തിയിരുന്നു. ഇതിനിടയില്‍ ഇന്‍സ്പെക്ടര്‍ ബലം പ്രയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റിനെയും മറ്റ് അംഗങ്ങളെയും മാറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായ സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ മണല്‍ലോറികള്‍ പിടികൂടിയതും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടി.
അതിനിടെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകയ്ക്കു നേരേ പീഡനശ്രമമെന്ന കേസിനെ തുടര്‍ന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി. പുന്നമട എല്‍സി സെക്രട്ടറി എസ്.എം. ഇക്ബാലിനെതിരേയാണ് പാര്‍ട്ടി നടപടി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ നിര്‍ദേശപ്രകാരമാണിത്. പകരം ഡി. സലീംകുമാറിനാണ് സെക്രട്ടറിയുടെ ചുമതല. കഴിഞ്ഞദിവസമാണ് എല്‍സി സെക്രട്ടറിയായി ഇക്ബാലിനെ വീണ്ടും തിരഞ്ഞെടുത്തത്. പ്രവര്‍ത്തകയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പാര്‍ട്ടി കമ്മിഷന് ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: