കസാന്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുളള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ശരിയായി കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
റഷ്യയിലെ കസാനില്‍ 16ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.
ഇന്ത്യ-ചൈന അതിര്‍ത്തിപ്രദേശങ്ങളില്‍ 2020ല്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സമ്പൂര്‍ണ പിന്മാറ്റത്തിനുമുള്ള സമീപകാല കരാറിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു.സമാധാനവും ശാന്തിയും കെടുത്താന്‍ അതിര്‍ത്തി പ്രശ്‌നം അവസരമാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിപ്രദേശങ്ങളിലെ സമാധാനവും ശാന്തിയും പരിപാലിക്കുന്നതിനും അതിര്‍ത്തിപ്രശ്‌നത്തിനു ന്യായവും യുക്തിസഹവും പരസ്പരസ്വീകാര്യവുമായ പരിഹാരം കണ്ടെത്തുന്നതിനുമായി ഇരു ഭാഗത്തെയുംപ്രത്യേക പ്രതിനിധികള്‍ എത്രയും വേഗം യോഗം ചേരുന്നതിന് ഇരുനേതാക്കളും ധാരണയായി.
ഉഭയകക്ഷിബന്ധം സുസ്ഥിരമാക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും വിദേശകാര്യമന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും തലത്തിലുള്ള സംഭാഷണസംവിധാനങ്ങളും ഉപയോഗപ്പെടുത്തും.
രണ്ട് അയല്‍ക്കാരെന്ന നിലയിലും ഭൂമിയിലെ ഏറ്റവും വലിയ രണ്ടു രാഷ്‌ട്രങ്ങളെന്ന നിലയിലും ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും പ്രവചനാത്മകവും സൗഹാര്‍ദപരവുമായ ഉഭയകക്ഷിബന്ധം, പ്രാദേശികആഗോള സമാധാനത്തിലും സമൃദ്ധിയിലും ഗുണപരമായ സ്വാധീനം ചെലുത്തുമെന്ന് ഇരുനേതാക്കളും വിലയിരുത്തി. ബഹുധ്രുവ ഏഷ്യക്കും ബഹുധ്രുവ ലോകത്തിനും ഇതു സംഭാവനയേകും. തന്ത്രപ്രധാനവും ദീര്‍ഘവീക്ഷണാത്മവുമായ കാഴ്ചപ്പാടിലൂടെ ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെയും, തന്ത്രപ്രധാന ആശയവിനിമയം വര്‍ധിപ്പിക്കേണ്ടതിന്റെയും, വികസന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സഹകരണം അനാവരണം ചെയ്യേണ്ടതിന്റെയും ആവശ്യകത നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയെ കാണുന്നതില്‍ സന്തോഷമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: