ജയ്പൂർ : വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പാർലമെൻ്ററി കമ്മിറ്റി യോഗത്തിൽ ടിഎംസി എംപി കല്യാൺ ബാനർജിയുടെ മോശം പെരുമാറ്റത്തിൽ ഇൻഡി സഖ്യത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. മമത, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇൻഡി ബ്ലോക്കിന്റെ നേതാക്കളോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ബാനർജിയുടെ പെരുമാറ്റം പാർലമെൻ്ററി പാരമ്പര്യങ്ങളെ മാത്രമല്ല പാർലമെൻ്ററി സ്ഥാപനങ്ങളെയും ഭരണഘടനയെയും അപമാനിക്കുന്നതാണെന്ന് ഷെഖാവത്ത് പറഞ്ഞു. തന്നെ തിരഞ്ഞെടുത്ത് പാർലമെൻ്റിലേക്ക് അയച്ച ലക്ഷക്കണക്കിന് വോട്ടർമാർക്കുള്ള അപമാനമാണിത്. ജനാധിപത്യ സംവിധാനത്തിൽ ഇത്തരത്തിലുള്ള അപമാനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു.
കൂടാതെ കോൺഗ്രസ് പാർട്ടിയുടെയും ഇൻഡി സഖ്യത്തിന്റെയും എല്ലാ നേതാക്കളോടും ഇതിന്റെ നിലപാട് വിശദീകരിക്കാൻ താൻ ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ ഇത്തരം ജനാധിപത്യവിരുദ്ധമായ പെരുമാറ്റത്തിന് രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും പൊതുജനങ്ങളോട് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച നടന്ന മീറ്റിംഗിൽ ഒരു ഗ്ലാസ് വാട്ടർ ബോട്ടിൽ അടിച്ച് കസേരയിലേക്ക് വലിച്ചെറിയുകയും കൈവിരലുകൾക്ക് പരിക്കേൽക്കുകയും ചെയ്തതിന് ബാനർജിയെ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: