തിരുവനന്തപുരം: നഗരസഭയിലെ വാര്‍ഡ് വിഭജനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന് തയ്യാറാക്കിയ ആപ്പാണ് ക്യൂ ഫീല്‍ഡ്.
ഈ ആപ്പ് മുഖേനയാണ് വാര്‍ഡുകളുടെ മാപ്പ് തയ്യാറാക്കുന്നത്. ഇതിനായി 100 വാര്‍ഡുകളിലും ബില്‍ കളക്ടര്‍മാരെയും ഓവര്‍സിയര്‍മാരെയും ചുമതലപ്പെടുത്തിക്കൊണ്ട് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഉത്തരവിറങ്ങിയ അന്ന് തന്നെ നഗരസഭ ചുമതലപ്പെടുത്തിയവര്‍ അവരവരുടെ ഫോണുകളില്‍ ക്യൂഫീല്‍ഡ് ആപ്പ് മുഖേന വാര്‍ഡുകളുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്തു. അടുത്ത ദിവസം തന്നെ അവര്‍ വാര്‍ഡുകളില്‍ ചെന്ന് ഡീലിമിറ്റ് ചെയ്ത് മാപ്പ് വരച്ച് സെക്രട്ടറിക്ക് നല്കാന് നിര്‍ദേശിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി 20-ാം തീയതി ഞായറാഴ്ച പ്രവര്‍ത്തിദിവസമാക്കി ഉത്തരവിറക്കി.
എന്നാല്‍ സെക്രട്ടറിയുടെ ഉത്തരവ് കാര്യമാക്കേണ്ടെന്നും നഗരസഭ ഡീലിമിറ്റേഷന്‍ സെല്ലില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രം വാര്‍ഡിലിറങ്ങി മാപ്പ് തയ്യാറാക്കിയാല്‍ മതിയെന്നും സെല്ലിലെ പ്രധാന സിപിഎം നേതാക്കള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതോടെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാപ്പ് വരയ്ക്കാന്‍ ചുമതല നല്കിയ ഉദ്യോഗസ്ഥരാരും ഫീല്ഡിലിറങ്ങിയില്ല. അവധി ദിവസമായ ഞായറാഴ്ചയും വാര്‍ഡുകളില്‍ നിയമിച്ച 100 ഉദ്യോഗസ്ഥരും ആഫീസുകളിലെത്തി വെറുതെ ഇരുന്നു. ഉദ്യോഗസ്ഥര്‍ സെല്ലില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ പറയാതെ ആരും ഫീല്‍ഡില്‍ ഇറങ്ങരുതെന്നും ഞങ്ങള്‍ തയ്യാറാക്കുന്ന മാപ്പിനനുസരിച്ച് മാത്രം വരച്ചാല്‍ മതി എന്ന കര്‍ശന നിര്‍ദേശമാണ് ലഭിച്ചത്.
ഡിലിമിറ്റേഷന്‍ കമ്മീഷന് അനുവദിച്ച അവസാന തീയതിയായ ഇന്നലെയും ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഡുകളില്‍ ജോലി ചെയ്യാനായില്ല. ഡിലിമിറ്റേഷന്‍ കമ്മീഷന് നിശ്ചയിച്ച അവസാന തീയതിയില്‍ പോലും ക്യൂഫീല്‍ഡ് ആപ്പില്‍ മാപ്പ് വരയ്ക്കാന്‍ ഇറങ്ങാന്‍ കഴിയാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷമുണ്ട്. സിപിഎം നേതാക്കളുടെ നേത്യത്വത്തില്‍ സെല്ലില്‍ നിയമിച്ചിട്ടുള്ള നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെയും റവന്യൂ വിഭാഗത്തിലെയും ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ രഹസ്യസങ്കേതത്തിലിരുന്ന് വാര്‍ഡുകള്‍ വെട്ടിമുറിക്കുന്ന മാപ്പ് തയ്യാറാക്കുകയാണ്.
കമ്മീഷന് അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും 10 വാര്‍ഡുകളുടെ പോലും മാപ്പ് തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ ചില നേതാക്കള്‍ക്ക് അസൗകര്യമുള്ളത് കൊണ്ടാണ് മാപ്പ് തയ്യാറാക്കല്‍ വൈകുന്നത്. ക്യൂഫീല്‍ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ദിവസങ്ങളായിട്ടും തങ്ങളെ ചുമതലപ്പെടുത്തിയ ജോലി നിര്‍വഹിക്കാന്‍ കഴിയാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മുറുമുറുപ്പുയരുന്നുണ്ട്. ഉദ്യോഗസ്ഥരല്ല മാപ്പ് തയ്യാറാക്കുന്നത്. സിപിഎം നേതാക്കള്‍ തയ്യാറാക്കി നല്കുന്ന മാപ്പ്, വാര്‍ഡുകളില്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ കൊണ്ട് ആപ്പില്‍ വരപ്പിക്കാനാണ് ശ്രമിക്കുന്നത്. വാര്ഡുവിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ എന്ന് വ്യക്തമായിരിക്കുകയാണ്.
വാര്‍ഡുകളില്‍ നിയമിച്ച ഉദ്യോഗസ്ഥരെ നിയമപ്രകാരം ഡീലിമിറ്റേഷന്‍ മാപ്പ് തയ്യാറാക്കാന്‍ അനുവദിക്കാതെ സിപിഎം നേതൃത്വം വരച്ച് നല്കുന്ന മാപ്പ് ആപ്പില്‍ വരയ്ക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്നതിനെ സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ബിജെപി നഗരസഭാ പാര്‍ലമെന്ററി ഡെപ്യൂട്ടി ലീഡര്‍ തിരുമല അനില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: