Entertainment

അന്താരാഷ്‌ട്ര മേളകളില്‍ തിളങ്ങി ഒങ്കാറ

Published by

കൊച്ചി: ഇരുപത്തിയഞ്ചിലധികം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രവേശനം നേടുകയും മികച്ച ചിത്രത്തിനും സംവിധായകനും സംഗീത സംവിധായകനും നടനുമടക്കം ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത് ഒങ്കാറ അന്താരാഷ്‌ട്ര മേളകളില്‍ ഇടം പിടിക്കുന്നു. കാസര്‍ക്കോടന്‍ മാവിലന്‍ ഗോത്രവര്‍ഗ്ഗത്തിന്റെ ഭാഷയായ മര്‍ക്കോടിയില്‍ കെ.ആര്‍. ഉണ്ണിയുടെ സംവിധാനത്തില്‍ഒരുക്കിയ ആദ്യ ചിത്രമാണ് ‘ഒങ്കാറ’.

മര്‍ക്കോടിക്ക് ലിപികളില്ല. പ്രാദേശികമായി മാവിലവു എന്നപേരില്‍ അറിയപ്പെടുന്ന മര്‍ക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കാട് വീടാക്കി, പൂര്‍വ്വകാലത്ത് കരനെല്‍കൃഷിനടത്തിയും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഉപജീവനം കഴിച്ചിരുന്ന ഗോത്രവിഭാഗമാണ് മാവിലന്‍ സമുദായം. അവരുടെ അതിജീവനത്തിന്റെ കഥപറയുന്ന ഒങ്കാറയിലെ കേന്ദ്ര കഥാപാത്രമായ തെയ്യം കലാകാരനായി സുധീര്‍ കരമന വേഷമിടുന്നു. പൂര്‍ണ്ണമായും ഉള്‍ക്കാട്ടില്‍ ചിത്രീകരിച്ച, എല്ലാ കഥാപാത്രങ്ങളും മര്‍ക്കോടി മാത്രം സംസാരിക്കുന്ന ഈ ചിത്രത്തില്‍ പുറം ലോകം ഏറെ കണ്ടിട്ടില്ലാത്ത വിവിധ ഗോത്ര തെയ്യങ്ങളും മംഗലംകളിയും പ്രാചീനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ആറോളം പരമ്പരാഗത ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ ഉണ്ണി കെ.ആര്‍ പറയുന്നു. വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമന്‍, സാധിക വേണുഗോപാല്‍, അരുന്ധതി നായര്‍, രമ്യ ജോസഫ്, ആഷിക് ദിനേശ്, സജിലാല്‍ നായര്‍,ജിബു ജോര്‍ജ്ജ്, റാം വിജയ്, സച്ചിന്‍, ഗാന്ധിമതി തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കാസര്‍ക്കോട് , വിതുര, കല്ലാര്‍, പൊന്മുടി എന്നിവിടങ്ങളിലായിരുന്നു ഒങ്കാറയുടെ ചിത്രീകരണം.

ക്രിസ്റ്റല്‍ മീഡിയ, വ്യാസചിത്ര, സൗ സിനിമാസ്, എന്നിവയുടെ ബാനറില്‍ സുഭാഷ് മേനോന്‍, ജോര്‍ജ്ജ് തോമസ് വെള്ളാറേത്ത്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക