കൊല്‍ക്കത്ത: ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട പിജി ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യഗ്രഹ സമരം ഉടന്‍ അവസാനിപ്പിക്കണം. തിങ്കളാഴ്ച ഡോക്ടര്‍മാരെ നേരില്‍ കാണും. പിന്നീടുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു.
ഇന്നലെ ഉച്ചയ്‌ക്കു ശേഷം മമത ഡോക്ടര്‍മാരുമായി ടെലിഫോണില്‍കൂടി സംസാരിച്ചിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് ആശുപത്രി സേവനങ്ങളെ ബാധിക്കരുത്. നിങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയില്‍ തീരുമാനമെടുക്കാന്‍ എനിക്ക് മൂന്ന്, നാല് മാസത്തെ സമയംകൂടി തരണമെന്നും മമത ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ഡോക്ടര്‍മാരുടെ ആവശ്യങ്ങളിലൊന്നും അഭിപ്രായ വ്യത്യാസങ്ങളില്ല. സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയാറാകണം. ദയവായി സമരം പിന്‍വലിക്കണം. നിങ്ങളുടെ ചില ആവശ്യങ്ങള്‍ക്ക് നയപരമായ തീരുമാനങ്ങള്‍ ആവശ്യമാണ്. സാധ്യമായതിനെല്ലാം നിങ്ങളോട് പൂര്‍ണമായും സഹകരിക്കും. എന്നാല്‍ സര്‍ക്കാരിനോടുള്ള നിങ്ങളുടെ ആജ്ഞ അംഗീകരിക്കാനാകില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
മരണം വരെ സത്യഗ്രഹം എന്ന മുദ്രാവാക്യത്തോടെയാണ് ഡോക്ടര്‍മാരുടെ സമരം നടക്കുന്നത്. എത്രയും വേഗം ഇരയ്‌ക്ക് നീതി ലഭ്യമാക്കുക, ആശുപത്രികളില്‍ മതിയായ സുരക്ഷയൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വയ്‌ക്കുന്നത്. ബംഗാള്‍ ചീഫ് സെക്രട്ടറി മനോജ് പന്ത് കഴിഞ്ഞ ദിവസം സമരത്തിലിരിക്കുന്ന ഡോക്ടര്‍മാരെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: