ന്യൂദൽഹി : യമുന നദിയിലെ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ദൽഹിയിലെ കെജ്‌രിവാൾ സർക്കാർ നുണകളുടെ കൂമ്പാരമാണ് അഴിച്ച് വിട്ടിരുന്നതെന്ന് ആരോപിച്ച് ഈസ്റ്റ് ദൽഹി എംപിയും കേന്ദ്രമന്ത്രിയുമായ ഹർഷ് മൽഹോത്ര. മലിനീകരണ ശുചീകരണത്തിന് ആം ആദ്മി പാർട്ടി സർക്കാർ ഒരിക്കലും മുൻഗണന നൽകിയിട്ടില്ലെന്ന് മൽഹോത്ര കുറ്റപ്പെടുത്തി.
ബിജെപി വക്താവ് അനിൽ ഗുപ്ത, പ്രാദേശിക കൗൺസിലർ ബ്രഹ്മ് സിങ് എന്നിവർക്കൊപ്പം കാളിന്ദി കുഞ്ചിലെ നദി പ്രദേശം സന്ദർശിച്ചപ്പോഴാണ് മൽഹോത്ര ഇക്കാര്യം പറഞ്ഞത്. യമുന ശുചീകരിക്കുന്നതിനെക്കുറിച്ച് കെജ്‌രിവാൾ സർക്കാർ നുണകളും വ്യാമോഹങ്ങളും പ്രചരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മൽഹോത്ര പറഞ്ഞു.
ഒരു ദശാബ്ദക്കാലത്തെ വാഗ്ദാനങ്ങൾക്കിടയിലും യമുനയിലെ മലിനീകരണം കൂടുതൽ വഷളായെന്നും അതിനടുത്തുള്ള ആളുകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ യമുനയിൽ വെളുത്ത നുരകളുടെ കട്ടിയുള്ള പാളി മൂടിയിരിക്കുന്നു. നദിയിൽ മുങ്ങിക്കുളിക്കുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ വായു, ജല മലിനീകരണം നേരിടാൻ ഉദ്ദേശിച്ചുള്ള മലിനീകരണ സെസായി പിരിച്ചെടുത്ത 1,000 കോടി രൂപ എഎപി സർക്കാർ കൈകാര്യം ചെയ്തതിനെയും മൽഹോത്ര ചോദ്യം ചെയ്തു. ഈ ഫണ്ടുകൾക്ക് എന്ത് സംഭവിച്ചുവെന്ന് ദൽഹി സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ദൽഹിയിലൂടെ ഒഴുകുന്ന യമുനയിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്നതും ഡ്രെയിനേജ് പോയിൻ്റുകളിൽ മലിനജല സംസ്‌കരണ പ്ലാൻ്റുകളുടെ അഭാവവും അദ്ദേഹം എടുത്തുകാട്ടി. നേരത്തെ ദൽഹി ലഫ്റ്റനൻ്റ് ഗവർണർ യമുന വൃത്തിയാക്കാൻ നടപടികൾ ആരംഭിച്ചപ്പോൾ അവരെ തടയാൻ കെജ്‌രിവാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
നദി വൃത്തിയാക്കുന്നത് എഎപിയുടെ രാഷ്‌ട്രീയ വിഷയമാണ് മറിച്ച് മുൻഗണനയല്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: