തൃശൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്.
സിപിഎമ്മിലെ കെ. രാധാകൃഷ്ണന് ആലത്തൂരില്‍ നിന്നും ലോക് സഭാ അംഗം ആയതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചരിത്രത്തില്‍ ആദ്യമായാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പെത്തുന്നത്. കഴിഞ തെരഞ്ഞെടുപ്പില്‍ കാല് ലക്ഷത്തോളം വോട്ട് നേടിയ ബിജെപി തികഞ്ഞ ആത്മവിസ്വാസത്തോടെയാണ് ഉപതെരഞ്ഞെുപ്പിനെ നേരിടുന്നത്.ഒരോ തെരഞ്ഞെടുപ്പിലും വലിയ തോതില്‍ വോട്ട് വര്‍ദ്ധനയുണ്ടാക്കാന്‍ കഴിഞത് ബിജെപിയുടെ ആത്മവിശ്വാസത്തിന് കരുത്തേകുന്നു.
അഞ്ചുതവണ ജയിച്ച സിപിഎമ്മിലെ കെ. രാധാകൃഷ്ണനും നാലുതവണ ജയിച്ച കോണ്‍ഗ്രസിലെ കെ.കെ. ബാലകൃഷ്ണനുമാണ് ചേലക്കര മണ്ഡലത്തെ കൂടുതല്‍കാലം പ്രതിനിധീകരിച്ചത്. 1965ലാണ് ചേലക്കര മണ്ഡലം നിലവില്‍ വന്നത്. അന്നുമുതല്‍ പട്ടികജാതിസംവരണ മണ്ഡലമാണ്. തിരുവില്വാമല, പഴയന്നൂര്‍, കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍, ദേശമംഗലം എന്നീ ഒന്‍പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം.
ഇതില്‍ തിരുവില്വാമല, കൊണ്ടാഴി, പഴയന്നൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഭരിക്കുന്നത് യുഡിഎഫ് ആണ്.6 പഞ്ചായത്തുകളുടെ ഭരണം സിപിഎമ്മിനാണ്.സിപിഎമ്മിലെ സി.കെ. ചക്രപാണിയെ 106 വോട്ടുകള്‍ക്കാണ് കെ.കെ. ബാലകൃഷ്ണന് ചേലക്കര മണ്ഡലത്തിലെ കന്നിയങ്കത്തില്‍ തോല്‍പ്പിച്ചത്. തുടര്‍ന്ന് 1967-ല്‍ സിപിഎമ്മിലെ പി. കുഞ്ഞനോട് കെ.കെ.ബാലകൃഷ്ണന് പരാജയപ്പെട്ടു. ഇതിനു ശേഷം 1970, 1977, 1980 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സിപിഎമ്മിലെ കെ.എസ്. ശങ്കരനെ പരാജയപ്പെടുത്തി കെ.കെ. ബാലകൃഷ്ണന് വീണ്ടും ജയിച്ചു.
1982-ല്‍ കോണ്‍ഗ്രസിലെ ടി.കെ.സി. വടുതലയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ സി.കെ. ചക്രപാണിവിജയിച്ചു. 1987-ല്‍ സിപിഎമ്മിലെ കെ.പി. പുഷ്പയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്സിലെ ഡോ. എം.എ. കുട്ടപ്പന് മണ്ഡലം വീണ്ടും കോണ്‍ഗ്രസിന്റെ കൈകളിലേക്ക് തിരിച്ചെത്തിച്ചു. 1991-ല്‍ മത്സരിച്ച കോണ്‍ഗ്രസിലെ എം.പി. താമി മണ്ഡലം നിലനിര്‍ത്തി. 1996 മുതല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിലെ കെ. രാധാകൃഷ്ണന്,യു.ആര്. പ്രദീപ് എന്നിവരായിരുന്നു വിജയിച്ചത്.
2016-ല്‍ മത്സരത്തില്‍നിന്ന് പിന്മാറിയ കെ. രാധാകൃഷ്ണന് പിന്‍ഗാമിയായി യു.ആര്. പ്രദീപ് എത്തി. ദേശമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ യു.ആര്. പ്രദീപ് മണ്ഡലം നിലനിര്‍ത്തി. 2021-ല്‍ വീണ്ടും മത്സരത്തിനിറങ്ങിയ കെ. രാധാകൃഷ്ണന് 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഷാജുമോന്‍ വട്ടേക്കാട് 24,045 വോട്ടുകള്‍ നേടി.
ഭാരതപ്പുഴയോടും പാലക്കാട് ജില്ലയോടും ചേര്‍ന്നുകിടക്കുന്ന മണ്ഡലമാണ് ചേലക്കര. ഇക്കുറി വാശിയേറിയ പോരാട്ടത്തിനാണ് ചേലക്കരയില്‍ വേദിയൊരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യ ഹരിദാസും സിപിഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യു.ആര് പ്രദീപും മത്സരത്തിനിറങ്ങുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: