Business

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതില്‍ ആശങ്ക വേണ്ട, രൂപ തിരിച്ചുവരും, ഇത് ആഗോള അസ്ഥിരതയുടെ ഭാഗം: സാമ്പത്തിക വിദഗ്ധര്‍

രൂപയുടെ ക്രമേണയുള്ള വീഴ്ചയില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ രൂപ തിരിച്ചുവരുമെന്നും സാമ്പത്തിക വിദഗ്ധര്‍. രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണം ആഗോള സാമ്പത്തിക അസ്ഥിരത മൂലമാണെന്നും വിദഗ്ധര്‍ പറയുന്നു.

Published by

ന്യൂദല്‍ഹി: രൂപയുടെ ക്രമേണയുള്ള വീഴ്ചയില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ രൂപ തിരിച്ചുവരുമെന്നും സാമ്പത്തിക വിദഗ്ധര്‍. രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണം ആഗോള സാമ്പത്തിക അസ്ഥിരത മൂലമാണെന്നും വിദഗ്ധര്‍ പറയുന്നു.

ചൈനയിലെ പ്രതിസന്ധി, , മധ്യേഷ്യയിലെ യുദ്ധസാഹചര്യം, യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളര്‍ പലിശ നിരക്ക് വെട്ടിക്കുറയ്‌ക്കല്‍ എന്നിവ ചേര്‍ന്നുള്ള ആഗോള അസ്ഥിരത മൂലമാണ് ക്രമേണയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച സംഭവിച്ചതെന്ന് എച്ച് ഡിഎഫ് സി മുഖ്യ സാമ്പത്തികവിദഗ്ധ സാക്ഷി ഗുപ്ത പറഞ്ഞു. . ഇത് താല്‍ക്കാലിക പ്രതിഭാസമല്ലെന്നും ഇത് മൂലം ഇന്ത്യ സമ്പദ്ഘടനയുടെ മത്സരക്ഷമത ഉയര്‍ത്തുമെന്നും സാക്ഷി ഗുപ്ത പറഞ്ഞു. റിസര്‍വ്വ് ബാങ്കിന്റെ കയ്യില്‍ ഡോളറിന്റെ കരുതല്‍ ധനം ധാരാളമായി ഉണ്ടെന്നും സാക്ഷി ഗുപ്ത ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നതിന് ആശങ്ക വേണ്ട. എണ്ണവില ഉയര്‍ന്നതും യുദ്ധസാഹചര്യവുമാണ് താല്‍ക്കാലികമായി രൂപയെ ദുര്‍ബലമാക്കിയിരിക്കുന്നത്. അധികം വൈകാതെ ഈ അന്തരീക്ഷം മാറും”.- എം. ഗോവിന്ദ റാവു ശുഭാപ്തി വിശ്വാസത്തോടെ പറയുന്നു. ഇന്ത്യയുടെ കറന്‍സിയായ രൂപ മാത്രമല്ല, ഏതാണ്ട് എല്ലാ ഏഷ്യന്‍ കറന്‍സികളും ഇന്ത്യന്‍ രൂപയെപ്പോലെ ദുര്‍ബലമായിയെന്നും പറയുന്നു.

രൂപയുടെ മൂല്യം കുറയുന്നത് താല്‍ക്കാലിക പ്രതിഭാസം മാത്രമെന്ന് ഏണ്‍സ്റ്റ് ആന്‍റ് യംഗിലെ ഡി.കെ. ശ്രീവാസ്തവ പറയുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കറന്‍സികളുടെ പലിശ നിരക്ക് കുറയുമ്പോഴും ഇന്ത്യന്‍ രൂപയുടെ മൂല്യം സുസ്ഥിരമാണ്. ഇത് മൂലം വിദേശ ഫണ്ടുകള്‍ വൈകാതെ ഇന്ത്യയിലേക്ക് വരും. – അദ്ദേഹം പറയുന്നു.

ഒക്ടോബര്‍ 11ന് വെള്ളിയാഴ്ച ഓഹരി വിപണിയില്‍ ഒരു ഡോളറിന് 84 രൂപ 11 പൈസയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒക്ടോബര്‍ 15ന് ചൊവ്വാഴ്ച ഒരു ഡോളറിന് 84 രൂപ അഞ്ച് പൈസയായി താഴ്ന്നു. അതായത് രൂപയുടെ മൂല്യം അല്‍പം മെച്ചപ്പെട്ടെന്നര്‍ത്ഥം. റിസര്‍വ്വ് ബാങ്ക് ശക്തമായി വിദേശവിനിമയ മാര്‍ക്കറ്റില്‍ ഡോളര്‍ ഇറക്കി രൂപയുടെ മൂല്യശോഷണം തടയുന്നതിനാലാണ് രൂപ വലിയ ഇടിവില്ലാതെ തുടരുന്നത്. വരും ദിവസങ്ങളിലും റിസര്‍വ്വ് ബാങ്ക് ഡോളര്‍ ഇറക്കി രൂപയെ രക്ഷിക്കാനുള്ള ഇടപെടല്‍ തുടരും.

ഇന്ത്യയിലേക്കെത്തുന്ന ഡോളറിനെ സ്റ്റെറിലൈസ് ചെയ്ത് റിസര്‍വ്വ് ബാങ്ക്

ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ തകരുന്നതില്‍ നിന്നും രക്ഷിക്കാന്‍ റിസര്‍വ്വ് ബാങ്ക് ശക്തമായ ഇടപെടല്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഇന്ത്യയിലേക്കെത്തുന്ന ഡോളറിനെ സ്റ്റെറിലൈസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ഡോളറിനെ മുഴുവനായി ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് വാങ്ങുകയാണ്. ഇതാണ് സ്റ്റെറിലൈസേഷന്‍ അഥവാ ന്യൂട്രലൈസേഷന്‍. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ വരവ് വര്‍ധിക്കും. ഡോളറിന്റെ സാന്നിധ്യം കുറയുകയും ചെയ്യും. ഇത് രൂപയുടെ മൂല്യം ഉയര്‍ത്തും. രൂപയുടെ വില ഇടിഞ്ഞാല്‍ അത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ ചെലവേറിയതാക്കും. ഇത് ഇന്ത്യയുടെ കയറ്റുമതി രംഗത്തെ മത്സരക്ഷമതയെ ബാധിക്കും. ഇത് ഒഴിവാക്കാന്‍ രൂപയുടെ മൂല്യം ശക്തിപ്പെടുത്തിയേ മതിയാവൂ. അതിനാണ് ഡോളറിനെ സ്റ്റെറിലൈസ് ചെയ്യുന്നത്.

സമീപഭാവിയില്‍ ഇന്ത്യന്‍ രൂപയെ അതിശക്ത കറന്‍സിയാക്കുന്ന കാര്യങ്ങള്‍ ഇവയാണ്

ജൂലായ് ഒന്ന് മുതല്‍ ജെപി മോര്‍ഗന്‍ ചേസ് ആന്‍റ് കമ്പനിയുടെ ബോണ്ട് സൂചികയില്‍ ഇന്ത്യന്‍ ബോണ്ടുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് വഴി ഇന്ത്യയിലേക്ക് ഏകദേശം 4000 കോടി ഡോളര്‍ വിദേശനിക്ഷേപം ഒഴുകിയെത്തും എന്ന് കരുതുന്നു. ഇത് രൂപയെ വീണ്ടും ശക്തിപ്പെടുത്തും. ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വന്‍ വിദേശ നിക്ഷേപം എത്തുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുമെന്നും അത് ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് ഉയരുമെന്നും ആണ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യയെ അന്താരാഷ്‌ട്ര കറന്‍സിയാക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമമാണ് മറ്റൊന്ന്. ഈയിടെ റഷ്യപോലും ഇന്ത്യയ്‌ക്ക് നല്‍കുന്ന എണ്ണയ്‌ക്ക് ഇന്ത്യന്‍ രൂപയില്‍ പ്രതിഫലം വാങ്ങാമെന്ന് സമ്മതിച്ചിരിക്കുകയാണ്. യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും രൂപയിലുള്ള ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന് ആക്കം കൂട്ടാനുള്ള പരിഷ്കാരങ്ങളുമായി മുന്നോട്ടു പോവുകയാണ് റിസര്‍വ്വ് ബാങ്ക്. പൊതുവേ ഡോളറിന്റെ ആധിപത്യം ഇല്ലാതാക്കാനും യുഎസ് ഡോളറിന്മേലുള്ള ആശ്രിതത്വം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ റഷ്യ, ചൈന തുടങ്ങി പല രാജ്യങ്ങളും നടത്തിവരുന്നുണ്ട്. ഇതുപോലെ ഒരു ശ്രമമാണ് ഇന്ത്യയും നടത്തുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകളില്‍ അമേരിക്കന്‍ ഡോളറിന് പകരം ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്ന രീതി മോദി സര്‍ക്കാരിന്റെ വലിയൊരു നീക്കമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യമുയര്‍ത്തുക, അതിന് അന്താരാഷ്‌ട്ര തലത്തില്‍ വിലയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പല നീക്കങ്ങളില്‍ ഒന്നാണ് ഇത്.ഏഷ്യന്‍ കറന്‍സികളില്‍ നിക്ഷേപകര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ രൂപയില്‍ നിക്ഷേപിക്കാനാണ്. ഇതിന് കാരണം രൂപയുടെ സുസ്ഥിരതയും രാജ്യത്തിന്റെ കറന്‍റ് അക്കൗണ്ട് കമ്മി കുറവായിരിക്കുന്നതും ഇന്ത്യന്‍ സമ്പദ്ഘടനയുടെ കരുത്തുമാണെന്ന് സിറ്റി ഗ്രൂപ്പിന്റെ ഏഷ്യാ പസഫിക് ഫോറിന്‍ എക്സ്ചേഞ്ച് ട്രേഡിംഗ് മേധാവി നാഥന്‍ വെങ്കട് സ്വാമി പറയുന്നു.

റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള ശക്തമായ വിദേശനാണ്യശേഖരമാണ് മറ്റൊന്ന്. ഇപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള വിദേശ നാണ്യശേഖരം 70000 കോടി ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. രൂപയ്‌ക്ക് ഏതെങ്കിലും തരത്തില്‍ മൂല്യശോഷണം നേരിട്ടാല്‍ ഇതിലെ ഒരു ചെറിയ പങ്ക് ഉപയോഗിച്ചാല്‍ പോലും രൂപയുടെ മൂല്യമിടിച്ചില്‍ തടയാനാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക