കല്‍പ്പറ്റ: വയനാടിനെ സാധാരണനിലയിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതി വൈകാരികത ഉണര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി ആക്ഷേപം. ദുരന്ത മേഖലകളില്‍ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നത് വിലക്കണമെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്. എക്കാലത്തും മറ്റിടകളില് നിന്നുള്ള സന്ദര്‍ശകരായിരുന്നു വയനാടിന്റെ വികസനത്തിന് പിന്തുണയായിരുന്നത്. ദുരന്തം ഉണ്ടായപ്പോഴും കേരളമെമ്പാടും നിന്നുള്ളവര്‍ സഹായവുമായി എത്തി. എന്നാലിപ്പോള്‍ ദുരന്ത മേഖല നേരിട്ടു കാണാനെത്തുന്നവര്‍ക്കെതിരെ പ്രാദേശിക വികാരം കുത്തിപ്പൊക്കുകയാണ് ചിലര്‍. വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രമായ കുറുവദ്വീപ് അടക്കം സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാനിരിക്കെ, ഇവരാരും വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കരുതെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. മരിച്ചു മണ്ണിനടിയില്‍ കിടക്കുന്ന തങ്ങളുടെ മക്കളുടെ നെഞ്ചില്‍ ചവിട്ടിയാണ് ഈ സന്ദര്‍ശകര്‍ നടക്കുന്നതെന്ന് വരെ ഒരു പ്രദേശവാസിയെക്കൊണ്ട് പറയിപ്പിച്ച് അടുത്തിടെ സംപ്രേഷണം ചെയ്തിരുന്നു. ദുരന്തം നടന്ന് ഇത്രയും കാലമായ നിലയ്ക്ക് അവിടം കണ്ടു മടങ്ങുക എന്നുള്ളത് ഏതൊരു മനുഷ്യന്റെയും സ്വാഭാവിക താല്പര്യമാണ്. ഇതിനെ വൈകാരികമായി വഴിതെറ്റിക്കാന്‍ അനുവദിക്കരുതെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: