മുംബയ് : വ്യവസായ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രത്തന്‍ ടാറ്റയ്ക്ക് വിട. മുംബയ് വര്‍ളിയിലെ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്ഗരി, പീയുഷ് ഗോയല്‍ എന്നിവര്‍ സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചു.മുംബയ് നരിമാന് പോയ്ന്റിലെ പൊതു ദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. വിലാപയാത്ര കടന്നു പോകുന്ന വഴിയില്‍ ആയിരങ്ങളാണ് അദ്ദേഹത്തെ അനുഗമിച്ചത്.
അതിനിടെ രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുതിയായി ഭാരത രത്ന നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രമേയം പാസാക്കി. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്മാന് ആയിരുന്നു രത്തന്‍ ടാറ്റ. പത്മഭൂഷണും പത്മവിഭൂഷണും നല്കി രാജ്യം ആദരിച്ചിരുന്നു.
രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.വ്യാഴാഴ്ച നടത്താനിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കി.
ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തന്‍ ടാറ്റയുടെ മരണം. മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: