തൃശ്ശൂര്‍: കരുവന്നൂര്‍ ഉള്‍പ്പെടെ കോടികളുടെ വായ്പക്കുടിശികയുള്ള സഹകരണ സംഘങ്ങളില്‍ ഭൂമാഫിയയും സര്‍ക്കാരും ഒത്തുകളിക്കുന്നു. ബിനാമി വായ്പകള്‍ അനുവദിച്ച കേസുകളില്‍ സംഘത്തിനു കിട്ടാനുള്ള തുക ഈടുവസ്തുവിനില്ലാത്തതിനാല്‍ ഇതിന്റെ നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്നു ഭരണ സമിതി അംഗങ്ങളെയും മാഫിയകളെയും രക്ഷിക്കുന്നതിനാണ് പുതിയ നീക്കം.
നടപടി നേരിടുന്ന ഈടുവസ്തുവിന്റെ ലേലത്തിനു മുമ്പായി വാല്യുവേറ്റര്‍മാരെ നിയോഗിച്ച് വില പുനര്‍ നിര്‍ണയിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍മാരുടെ യോഗം വിളിച്ച്, സഹകരണ രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സഹകരണ നിയമങ്ങളിലില്ലാത്ത ഈ നടപടി വാക്കാലാണ്.
വാല്യുവേറ്റര്‍മാരെ നിയോഗിച്ച് വില നിര്‍ണയിക്കുമ്പോള്‍ വായ്പ നല്കിയതിനെക്കാള് വളരെ ചെറിയ തുകയാണ് ഈടുവസ്തുവിന് കണക്കാക്കുന്നത്. ഇതുവഴി സംഘങ്ങള്‍ക്കു നഷ്ടം കോടികളാണ്. വാല്യുവേറ്റര്‍മാരുടെ യോഗ്യതയോ മാനദണ്ഡങ്ങളോ വ്യക്തമാക്കിയിട്ടുമില്ല. ഇക്കാര്യം രേഖാമൂലം ഉത്തരവായി നല്‍കാനും തയാറായിട്ടില്ല.
യഥാര്‍ത്ഥത്തില്‍ സംഘങ്ങള്‍ക്കു കിട്ടേണ്ട തുകയ്ക്ക് ലേലംവിളിക്കേണ്ട സെയില്‍ ഓഫീസര്‍മാര്‍ക്ക്, വാല്യുവേറ്റര്‍മാര്‍ നിശ്ചയിച്ച കുറഞ്ഞ തുകയ്ക്ക് ലേലം അവസാനിപ്പിക്കേണ്ടി വരുന്നു. ഇത്തരം ഇടപാടുകളിലുണ്ടാകുന്ന നഷ്ടം ഭരണ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ എഴുതിത്തള്ളുന്നതോടെ ഉത്തരവാദികളായ ഭരണ സമിതി അംഗങ്ങളും മാഫിയയും നടപടികളില്‍ നിന്നു രക്ഷപ്പെടും.
നിയമവിരുദ്ധമായി ലേലം നടത്തിയതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരില്‍ കെട്ടിവയ്ക്കുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധമുയരുന്നുണ്ട്. കുറഞ്ഞ വിലയ്ക്കു ലേലം നടക്കുമ്പോള്‍ വായ്പത്തട്ടിപ്പുകാരും ഭൂമാഫിയയും തന്നെ പലയിടത്തും ഈ ഭൂമി സ്വന്തമാക്കുന്നു. ഫലത്തില്‍ വില കൂട്ടിക്കാണിച്ച് ബിനാമി വായ്പകളിലൂടെയും അനധികൃത വായ്പകളിലൂടെയും കോടികള്‍ നല്‍കിയതിന് ഈടായി സ്വീകരിച്ച ഭൂമിയാണ് ചുളുവിലയ്ക്ക് വായ്പത്തട്ടിപ്പുകാരുടെയും ഭൂമാഫിയയുടെയും കൈകളിലേക്ക് വീണ്ടുമെത്തുന്നത്.
ലേലത്തില്‍ പങ്കെടുക്കാനാളില്ലാതെ വരുന്ന ഈടുവസ്തുക്കള്‍ സംഘങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു. ഏഴു വര്‍ഷത്തിനുള്ളില്‍ വീണ്ടും വില പുനര്‍ നിര്‍ണയിച്ച് ഇത് ലേലം ചെയ്യാവുന്നതാണ്. ഇതും ഭൂമാഫിയയ്ക്കും തട്ടിപ്പുകാര്‍ക്കും സൗകര്യമൊരുക്കുകയാണ്.
അതേസമയം പൊതുജനങ്ങളുടെ താത്പര്യക്കുറവ് മുതലെടുക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത്. ലേല നടപടിക്രമങ്ങളിലെ താമസം, വസ്തു ഇടപാടുകളിലെ മാന്ദ്യം, പുതിയ നിയമ ഭേദഗതി പ്രകാരം ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനുള്ള അധികാരം എന്നിവ ഭയന്ന് പൊതുജനങ്ങള്‍ ഈടുവസ്തുവിന്റെ ലേലത്തില്‍ താത്പര്യം കാണിക്കാറില്ല.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ ബിനാമി വായ്പ ക്രമക്കേടുകളുടെ തുടര്‍ച്ചയായി തൃശ്ശൂര്‍ ജില്ലയില്‍ സിപിഎം ഭരിക്കുന്ന പല സഹകരണ സംഘങ്ങളിലും വ്യാപകമായി ഇത്തരം വായ്പകളുണ്ടെന്നത് പുറത്തുവന്നിരുന്നു. പലേടത്തും ഇ ഡി അന്വേഷണം നടക്കുകയാണ്. നേതൃത്വത്തിന്റെ പിന്തുണയോടെ, പല സഹകരണ സംഘങ്ങളിലും വസ്തുക്കച്ചവടത്തില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ച റിയല്‍ എസ്റ്റേറ്റ് ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തന പരിധിക്കു പുറത്തുനിന്നുള്ള ഇത്തരക്കാര്‍ക്ക് സി. ക്ലാസ്/ എ. ക്ലാസ് അംഗത്വം നല്‍കിയാണ് കോടികള്‍ വായ്പ നല്‍കിയിട്ടുള്ളത്. ഭൂരിഭാഗം ഈടുവസ്തുക്കളും സംഘങ്ങളുടെ പ്രവര്‍ത്തന പരിധിക്കു പുറത്താണ്. സംഘത്തിനു കിട്ടാനുള്ള തുക ഈടുവസ്തുവിനില്ലാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ലേലം വിളിക്കാന്‍ ആളില്ലാതെ വരുമെന്നുറപ്പാണ്. ഇതോടെയാണ് പുതിയ തട്ടിപ്പു അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: