തിരുവനന്തപുരം: നിയമസഭാസമ്മേളനം തുടങ്ങി രണ്ടുദിവസം പിന്നിട്ട ശേഷം പി.വി. അന്‍വര്‍ എംഎല്‍എ നിയമസഭയിലെത്തി. നിയമസഭാ കവാടത്തിനു മുന്നില്‍ മാധ്യമങ്ങളെ കണ്ട പി.വി. അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെയും പോലീസിനെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്ര ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാനെന്ന് പറഞ്ഞ അന്‍വര്‍ വേണ്ടിവന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയുമെന്നു വെല്ലുവിളിച്ച അന്‍വര്‍ പരാമര്‍ശം വിവാദമായതോടെ മാപ്പുപറഞ്ഞ് തലയൂരി.
ഡിഎംകെയുടെ ഷാളണിഞ്ഞ് കൈയില്‍ ചുവന്ന തോര്‍ത്തുമായാണ് പി.വി. അന്‍വര്‍ രാവിലെ നിയമസഭയിലേക്ക് എത്തിയത്. പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നത്. തൊഴിലാളി സമൂഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോര്‍ത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും രക്തസാക്ഷികളുടെ ചോര പുരണ്ടത് ഇത്തരത്തിലുള്ള ചുവന്ന തോര്ത്തിലാണെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എഡിജിപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ല. അതിനാലാണ് ഗവര്‍ണറെ കണ്ടത്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് താന്‍ ആവശ്യപ്പെടുന്നത്. എസ്ഐടി അന്വേഷണം സത്യസന്ധമല്ല. പോലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ അജിത്കുമാറിന്റെ നൊട്ടോറിയസ് സംഘത്തില്‍പ്പെട്ടവരാണ്. പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ പോലീസില്‍ നിന്നും ഒരു നീതിയും ലഭിക്കില്ല. എസ്എന്‍സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുവര്‍ഷമായി ഇടനിലക്കാരനാണ് എം.ആര്. അജിത്കുമാര്‍. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഒരു നടപടിയും എടുക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയില്‍ എ.കെ.എം. അഷ്റഫ് എംഎല്‍എയുടെ സീറ്റിനടുത്താണ് ഇരിപ്പിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: