കൊച്ചി: മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെ ഹസ്തദാനം ചെയ്ത് ശരിഅത്ത് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മുസ്ലീം പെണ്‍കുട്ടിയെ വാട്ട്സ്ആപ്പ് വീഡിയോയിലൂടെ വിമര്‍ശിച്ച യുവാവിനെതിരായ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കോഴിക്കോട് കുന്നമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ നൗഷാദ് എന്ന നൗഷാദ് അഹ്സനി (37) നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് തള്ളിയത്.
2017ല്‍ നടന്ന ഒരു ചടങ്ങില്‍ മന്ത്രിയുമായി ഹസ്തദാനം ചെയ്ത് ശരീഅത്ത് നിയമം ലംഘിച്ചുവെന്നാണ് നൗഷാദിന്റെ പ്രസംഗം സൂചിപ്പിക്കുന്നതെന്നും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ മറ്റൊരു പുരുഷനെ സ്പര്‍ശിച്ച് വ്യഭിചാരം നടത്തിന്ന് പ്രസംഗത്തിലുടെ പ്രചരിപ്പിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചിരുന്നു. ഐപിസി സെക്ഷന്‍ 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 119 (എ) (പൊതുസ്ഥലത്ത് എന്തെങ്കിലും പ്രവൃത്തിയോ ലൈംഗിക ആംഗ്യമോ) എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് നൗഷാദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒരാളുടെ മതപരമായ ആചാരങ്ങള്‍ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരനെതിരേയുള്ള ആരോപണം ശരിയാണെങ്കില്‍ അത് ഭാരതത്തില്‍ അംഗീകരിക്കാനാവില്ല. പരാതി നല്കിയ പെണ്‍കുട്ടിയുടെ ധൈര്യത്തെ ഹൈക്കോടതി അഭിനന്ദിച്ചു, ഈ വിഷയം തന്റെ വ്യക്തിപരമായ മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് വാദിക്കാന്‍ ധീരയായ ഒരു മുസ്ലീം പെണ്‍കുട്ടി മുന്നോട്ട് വരുന്നു. അത്തരം സാഹചര്യങ്ങളില്‍, ഭരണഘടന അവളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും, സമൂഹം അവളെ പിന്തുണയ്ക്കണമെന്ന് കോടതി പറഞ്ഞൂ. കേസ് കഴിയുന്നത്ര വേഗത്തില്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: