തിരുവനന്തപുരം: സാമൂഹിക സാംസ്കാരിക കാലാവസ്ഥയെ പരിഹാസത്തില്‍ ചാലിച്ച വാഗസ്ത്രങ്ങളാല്‍ കടന്നാക്രമിക്കുകയും അതുവഴി തന്റേതായൊരു കാവ്യാപന്ഥാവ് വെട്ടിത്തെളിക്കുകയും ചെയ്ത കവി പി. നാരായണക്കുറുപ്പിന് നവതി പ്രണാമം അര്‍പ്പിച്ച് തലസ്ഥാന നഗരി. തപസ്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷ ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജീവിതത്തിലെ ദീപ്തമായ 90 വര്‍ഷങ്ങളില്‍ അര്‍ത്ഥപൂര്‍ണമായ സര്‍ഗാത്മക പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ നിരവധി പേരാണ് സംസ്കൃതി ഭവനില്‍ നടന്ന ആഘോഷത്തിനെത്തിയത്.
അങ്ങേയറ്റം ഗൗരവമര്‍ഹിക്കുന്ന വിഷയങ്ങളെപ്പോലും അതിന്റെ തീക്ഷ്ണതയൊട്ടും ചോരാതെ തന്നെ ഹാസ്യകഷായത്തില്‍ മുക്കി രൂപം മാറ്റിയവതരിപ്പിക്കുന്നതില്‍ കവി പി. നാരായണക്കുറുപ്പ് കാട്ടുന്ന അന്യാദൃശമായ വൈഭവം എടുത്തു പറയേണ്ടതാണെന്ന് ആമുഖ പ്രഭാഷണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു.
എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അദ്ദേഹത്തെ സര്‍ക്കാര്‍ അവഗണിച്ചു. രാഷ്ട്രീയ അല്പത്തരം കൊണ്ട് അര്‍ഹമായതൊന്നും സര്‍ക്കാരില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചില്ല. കലാകാരന്മാരെ ആദരിക്കുന്ന സംസ്കാരം മലയാളികള്‍ക്കില്ല. ഇത്തരം സാഹചര്യങ്ങളിലൂടെയാണ് അദ്ദേഹം കാമ്പുള്ള സര്‍ഗാത്മക രചനകള്‍ കൊണ്ടുവന്നതെന്നും മലയാളികളുടെ മനസില്‍ അത് എന്നും നിറഞ്ഞു നില്‍ക്കുമെന്നും സഞ്ജയന് കൂട്ടിച്ചേര്‍ത്തു.
ഹാസ്യത്തിന്റെയും സ്വയം പരിഹാസത്തിന്റെയും ആത്മ വിമര്‍ശനത്തിന്റെയും രീതികളെ വികസിപ്പിച്ചെടുത്തുകൊണ്ടും സനാതന ദാര്‍ശനിക സത്യങ്ങളെ അടിവരയിട്ടു കൊണ്ടും സമകാലിക ലോകത്തിന്റെ ഗതിഭ്രംശങ്ങളെ നിശിതമായി വിമര്‍ശിച്ചും നടത്തിയ സര്‍ഗാത്മക രചനകളിലൂടെ സഹൃദയ ലോകത്തെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്ത മഹാകവിയാണ് നാരായണക്കുറുപ്പെന്ന് അധ്യക്ഷത വഹിച്ച തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ് പറഞ്ഞു. കേരളീയനായ ഭാരതീയന്റെ ശബ്ദമാണ് പി. നാരായണക്കുറുപ്പിന്റെതെന്ന് കേരള സര്‍വ്വകലാശാല മുന്‍ ഡീന്‍ എ. എം. ഉണ്ണികൃഷ്ണന് പറഞ്ഞു.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന് ഷാള്‍ അണിയിച്ച് ആദരിച്ചു. മുന്‍ കേന്ദ്രമന്ത്രി. വി. മുരളീധരന്, ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ എം.ആര്. തമ്പാന്, ആകാശവാണി മുന്‍ ഡയറക്ടര്‍ എസ്. രാധാകൃഷ്ണണ്‍, മുന്‍ ജില്ലാ കളക്ടര്‍ ശ്രീനിവാസന്, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ചരിത്രകാരന് ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംഘടനകള്‍ ഷാള്‍ അണിയിച്ച് നാരായണക്കുറുപ്പിനെ ആദരിച്ചു. തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി സുജിത്ത് ദേവാനന്ദന് സ്വാഗതവും വിപിന്‍ ചന്ദ്രന് നന്ദിയും പറഞ്ഞു.
സമാദരണ സമ്മേളനത്തിനിടെ ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിന്റെ കവിതകള്‍ ചൊല്ലിയും സുഹൃത്തുക്കള്‍ അദ്ദേഹത്തിനോടൊപ്പം ചെലവഴിച്ച രസകരമായ ഓര്‍മകള്‍ പങ്കുവെച്ചും ആഘോഷങ്ങള്‍ ഉച്ചവരെ നീണ്ടു. ഡോ. ലക്ഷ്മി ദാസ്, ജെ.എസ്. അഥിന എന്നിവര്‍ അദ്ദേഹത്തിന്റെ കവിത ആലപിച്ചു. ശാരീരിക അസ്വസ്ഥതകള്‍ അലട്ടുന്നുണ്ടെങ്കിലും സുഹൃത്തുക്കളുടെയും ശിഷ്യഗണങ്ങളുടെയും ഒപ്പം സമയം ചെലവഴിക്കാനായ സന്തോഷത്തിലായിരുന്നു നാരായണക്കുറുപ്പ്. തന്റെ കവിതയുടെ നാല് വരി ചൊല്ലി അദ്ദേഹം സന്തോഷം പങ്കുവെച്ചു. അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മി, മക്കളായ വൃന്ദ, വിവേക് നാരായണന്. മരുമക്കളായ ജയകുമാര്‍, അനിത, കൊച്ചുമക്കളായ അതുല്‍ നാരായണന്, നീലാംബരി എന്നിവരും അടുത്ത ബന്ധുക്കളും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: